‘സ്വപ്ന’വ്യൂഹത്തിൽ ശ്രീരാമകൃഷ്ണൻ …
ശ്രീരാമകൃഷ്ണന്റെ കിടപ്പുമുറിയിലെ സെൽഫികളും മദ്യക്കുപ്പിയും എന്തിനാണ് തനിക്ക് വാട്സ്ആപ്പ് ചെയ്തത് എന്ന് സ്വപ്ന ….
ബോൾഗാട്ടി ഹയാത്ത് ഉദ്ഘാടന ദിവസം രാത്രിയിൽ അവിടെവച്ച് ഇവരിൽ ഒരാളെ താൻ ചീത്ത പറയുന്ന സിസിടിവി ദൃശ്യങ്ങൾ അവിടെത്തന്നെ ഉണ്ടാകുമെന്നും സ്വപ്നം …..
പാർട്ടികാര്യങ്ങൾ ചർച്ച ചെയ്യാൻ രാത്രി 9 മണിക്ക് ശേഷം ആർക്കും തൻറെ വീട്ടിൽ വരേണ്ട കാര്യമില്ല എന്നും അത്തരം കാര്യങ്ങൾ അനുവദിക്കാറില്ല എന്നും സ്വപ്ന…..
കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ മുൻ മന്ത്രിമാരായ തോമസ് ഐസക്കും, കടകംപിളളി സുരേന്ദ്രനും മുൻസ്പീക്കർ ശ്രീരാമകൃഷ്ണനും നിഷേധിച്ച ശേഷം ശ്രീരാമകൃഷ്ണൻ വാട്സാപ്പിൽ അയച്ചുകൊടുത്ത ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന സുരേഷ്.
പുറത്തുവിട്ട ചിത്രങ്ങൾ ചെറുതും വിനീതവുമായ ഓർമ്മപ്പെടുത്തൽ മാത്രമാണെന്നും ശ്രീരാമകൃഷ്ണന്റെ ആരോപണങ്ങൾ നിഷേധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയാണെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സ്വപ്ന കുറിച്ചു. ശ്രീരാമകൃഷ്ണന് ഇനിയും പലതും ഓർമ്മ വന്നിട്ടില്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാമെന്നും ആ അവസരത്തിൽ ബഹുമാനപ്പെട്ട കോടതി സമക്ഷം തെളിവുകൾ ഹാജരാക്കികൊള്ളാം എന്നും സ്വപ്നയുടെ വെല്ലുവിളി.
കടകംപള്ളിക്കും തോമസ് ഐസക്കിനും തനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാം എന്നും സ്വപ്ന വെല്ലുവിളിച്ചു. ശ്രീരാമകൃഷ്ണൻ കിടക്കുന്ന ദൃശ്യങ്ങളും മദ്യക്കുപ്പിയും എന്തിനാണ് തനിക്ക് അയച്ചുതന്നിട്ടുള്ളത് എന്നും സ്വപ്ന ചോദിക്കുന്നു.
ഒറ്റയ്ക്ക് തന്നോട് ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിൽ വരണമെന്ന് പറഞ്ഞുവെന്നും അദ്ദേഹവുമൊത്ത് മദ്യപിച്ചിട്ടുണ്ട് എന്നും പറഞ്ഞുകൊണ്ടാണ് മുൻ സ്പീക്കർക്കെതിരെ ലൈംഗിക ആരോപണം സ്വപ്ന ഉന്നയിച്ചത്. കടകംപിള്ളി സുരേന്ദ്രൻ നിരന്തരമായി തന്നെ ശല്യം ചെയ്തിരുന്നുവെന്നും അദ്ദേഹം വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ ആണെന്നും സ്വപ്ന സുരേഷ് തൻറെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹ’ ത്തിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഒരുമിച്ച് മൂന്നാറിൽ പോകാം എന്നായിരുന്നു മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ ക്ഷണം എന്നും സ്വപ്ന ആരോപിച്ചിരുന്നു. സ്വപ്നയുടെ ആരോപണങ്ങൾ കടകംപള്ളി സുരേന്ദ്രൻ ഇന്നും നിഷേധിച്ചു. പാർട്ടിയുമായി ആലോചിച്ച് മാനനഷ്ടക്കേസ് കൊടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും കടകംപള്ളി പറഞ്ഞു.
ലൈംഗിക ആരോപണങ്ങൾ നടത്തിയും അത് നിഷേധിച്ച ശേഷം ചിത്രങ്ങൾ പുറത്തുവിട്ടും കേസുകൊടുക്കുവാൻ വെല്ലുവിളിച്ചും മറ്റൊരു രാഷ്ട്രീയ വിവാദത്തിന് സ്വപ്ന തിരികൊളുത്തിയിരിക്കുകയാണ്.
ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ് സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ വലിയ വിവാദങ്ങളിലേക്ക് കടക്കേണ്ട എന്നാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. സ്വയം ന്യായീകരിക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായ എം. ശിവശങ്കരൻ ഡോളർ – സ്വർണക്കടത്ത് കേസുകളിൽ സ്വപ്നയെ പഴിചാരി ഇറക്കിയ ‘അശ്വതാത്മാവ് വെറും ഒരു ആന ‘ എന്ന സർവീസ് സ്റ്റോറിക്ക് ശേഷമാണ് അതുവരെ സർക്കാരിനെതിരെ കേസുകളിൽ യാതൊരുവിധ നിലപാടുകളും എടുക്കാതിരുന്ന സ്വപ്ന പല തുറന്ന് പറച്ചിലുകൾക്ക് മുതിർന്നത്.