കൊരട്ടി : മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ വിഗ്രഹത്തിൽ ചാർത്തുന്നതിനായി സൂക്ഷിച്ചിരുന്ന 2 പവൻ 7 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ ക്ഷേത്രത്തിൽ നിന്നും മോഷണം ചെയ്ത് ബാങ്കിൽ പണയം വച്ച കേസിൽ കണ്ണൂർ അഴീക്കോട് സ്വദേശി തേനായി വീട്ടിൽ അശ്വന്ത് (34) തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
ക്ഷേത്രം പ്രസിഡണ്ട് മുരിങ്ങൂർ സ്വദേശി ഉപ്പത്ത് വീട്ടിൽ രാജീവ് ഉപ്പത്തിൻ്റെ പരാതിയിലാണ് കേസെടുത്തത്. 2020 ഫെബ്രുവരി 2-ാം തിയ്യതിയാണ് പ്രതിയായ അശ്വന്ത് ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലിക്ക് കയറിയത്. അന്ന് മുതൽ ക്ഷേത്രം കമ്മറ്റി പതിവ് പോലെ അശ്വന്തിനാണ് ശ്രീകേവിലിലെ വിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള സ്വർണ്ണാഭാരണങ്ങളുടെയും വെള്ളിപാത്രങ്ങളുടെയും ഓട്ട് പാത്രങ്ങളുടെയും ചുമലത നൽകിയിരുന്നത്. കമ്മറ്റി അംഗങ്ങൾക്ക് ശ്രീകോവിലിൽ ഉണ്ടായിരുന്ന സ്വർണ്ണ ആഭരണങ്ങൾ എല്ലാം അവിടെ തന്നെ ഇല്ല എന്ന് സംശയം വന്നതിനെ തുടർന്ന് അശ്വന്തിനോട് തിരുവാഭരണങ്ങൾ കാണിച്ച് തരാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാ കമ്മറ്റി അംഗങ്ങളും വന്നാൽ മാത്രമേ കാണിക്കാനാകൂ എന്ന് പറയുകയായിരുന്നു. എല്ലാ കമ്മറ്റി അംഗങ്ങളും ഭാരവാഹികളും കൂടി ക്ഷേത്രത്തിൽ വന്ന് തിരുവാഭരണങ്ങൾ എല്ലാം കാണിച്ച് തരാൻ ആവശ്യപ്പെട്ടപ്പോൾ തിരുവാഭരണങ്ങളിലെ കുറച്ച് സ്വർണ്ണാഭരണങ്ങൾ ചാലക്കുടിയിലെ ബാങ്കിൽ പണയം വെച്ചതായി അശ്വന്ത് അറിയിക്കുകയായിരുന്നു. തുടർന്ന് കമ്മറ്റി അംഗങ്ങളും ഭാരവാഹികളും ചേർന്ന് പരിശോധിച്ചതിലാണ് പത്ത് ഗ്രാം തൂക്കം വരുന്ന കാശ് മാല, ഏഴ് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ വള, നാല് ഗ്രാം തൂക്കം വരുന്ന സ്വർണ്ണത്തിന്റെ മണിമാല, സ്വർണ്ണത്തിന്റെ രണ്ട് കണ്ണുകൾ ആകെ ഒരു ഗ്രാം തൂക്കം വരുന്നത് , സ്വർണ്ണത്തിന്റെ നാല് പൊട്ടുകൾ ആകെ ഒരു ഗ്രാം തൂക്കം വരുന്നത് എന്നിവ ശ്രീകോവിലിൽ നിന്ന് നഷ്ടപ്പെട്ടതായി മനസിലാക്കിയിത്. തുടർന്ന് ശാന്തിക്കാരനായ അശ്വന്തിനെ കമ്മറ്റി അംഗങ്ങളും പരാതിക്കാരനും ചേർന്ന് കൊരട്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അശ്വന്ത് എറണാംകുളം ഉദയം പേരൂർ പോലീസ് സ്റ്റേഷൻ, പാലാരിവട്ടം പോലീസ് സ്റ്റേഷനുകളിലായി സമാനമായ രണ്ട് തട്ടിപ്പ് കേസിൽ പ്രതിയാണ്.