രണ്ടാഴ്ച്ചക്കുള്ളിൽ മദ്യം വിൽപ്പനയിൽ വെട്ടിച്ചത് ഒന്നരലക്ഷം രൂപ; തിരിച്ചടയ്ക്കാൻ പറഞ്ഞപ്പോൾ ആക്രമണം
വഴക്കുണ്ടായതിനെ തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെടാന്‍ കൊല്ലപ്പെട്ട ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വിളിച്ചുവരുത്തിയിരുന്നു
തൃശൂര്‍: തളിക്കുളത്ത് ബാറില്‍ നടന്ന കൊലപാതകത്തില്‍ ഏഴംഗ സംഘം പിടിയില്‍. ഇന്നലെ രാത്രി നടന്ന കത്തിക്കുത്തില്‍ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജു ( 40 ) ആണ് മരിച്ചത്. ബൈജുവിന്റെ സുഹൃത്തായ അനന്തുവിനും ബാറുടമയായ കൃഷ്ണരാജിനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്തിടെയാണ് ബാര്‍ പ്രവര്‍ത്തനം തുടങ്ങിയത്.
ബാറുടമയുടെ സഹായിയാണ് കൊല്ലപ്പെട്ട ബൈജു. ബില്ലില്‍ കൃത്രിമം കാണിച്ചതിന് ബാറിലെ ചില ജീവനക്കാരെ ഉടമ ശാസിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. വഴക്കുണ്ടായതിനെ തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെടാന്‍ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വിളിച്ചുവരുത്തിയിരുന്നു.
കാറിലെത്തിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. കാട്ടൂര്‍ സ്വദേശികളായ അജ്മല്‍, അതുല്‍, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെല്ലാം ക്വട്ടേഷന്‍ സംഘമാണെന്നും ജീവനക്കാരാണ് വിളിച്ചുവരുത്തിയതെന്നും പൊലീസ് പറയുന്നു. ആക്രമണത്തിന് ശേഷം കാറില്‍ രക്ഷപ്പെട്ട സംഘത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ബാറിൽ മദ്യം പെഗായി വിതരണം ചെയ്യുമ്പോൾ കൃത്രിമം കാണിച്ച് കുടിക്കുന്നവരിൽ നിന്ന് പണം വാങ്ങുകയും അത് കണക്കിൽ കാണിക്കാതെ ഒന്നര ലക്ഷം രൂപയ്ക്ക് മുകളിൽ വിഷ്ണുവും അമലും രണ്ടാഴ്ച്ചക്കുള്ളിൽ വെട്ടിച്ചു എന്നാണ് ബാർ അതികൃതർ പറയുന്നത്.
ബാർ ആരംഭിച്ച ജൂൺ 29ന് വെട്ടിപ്പ് നടത്തിയിട്ടില്ല. പിന്നീടുള്ള ദിവസങ്ങളിലെല്ലാം പണം തട്ടി എന്നാണ് കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയതെന്ന് ബാർ അധികൃതർ പറയുന്നു. വെട്ടിച്ച പണം ഉടനെ തിരിച്ചടയ്ക്കണമെന്ന് ഇരുവരോടും മുതലാളി ആവശ്യപ്പെട്ടിരുന്നു.
ഇത് ചോദ്യം ചെയ്യാനാണ് പുറമേ നിന്ന് അഞ്ചു പേരടങ്ങുന്ന കൊട്ടേഷൻ സംഘം ഇന്നലെ രാത്രി 9.20ന് ബാറിൽ എത്തിയത്. റിസപ്ഷനിൽ ഉണ്ടായിരുന്ന കൃഷ്ണരാജിനെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. ജീവൻ രക്ഷിക്കാൻ മറ്റൊരു മുറിയിലേക്ക് ഓടി കൃഷ്ണരാജ് കതകടച്ചു.
അക്രമിസംഘം പിന്നീട് പുറമേ വന്ന ക്രിമിനൽ പശ്ചാത്തലം ഉള്ള കൊല്ലപ്പെട്ട ബൈജു അദ്ദേഹത്തിൻറെ സുഹൃത്ത് അനന്തു എന്നിവരുമായി വാക്ക്തർക്കം ഉണ്ടായി. അതിനുശേഷമാണ് മാരക ആയുധങ്ങളുമായി സംഘം ഇരുവരെയും ആക്രമിക്കുന്നത്.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബൈജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.അനന്തുവിന് കുത്തേറ്റെങ്കിലും അപകടം നില തരണം ചെയ്തു എന്നാണ് വലപ്പാട് പോലീസ് പറയുന്നത്. കൃഷ്ണരാജിനെ ആദ്യം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ആസ്റ്റർ മെഡിസിറ്റിയിലേക്കും മാറ്റി.
അദ്ദേഹവും അപകടനില തരണം ചെയ്തിട്ടുണ്ട്. അക്രമണം കഴിഞ്ഞ് വലപ്പാട് പോലീസ് ബാർ ജീവനക്കാരോട് കാര്യങ്ങൾ തിരക്കിയപ്പോൾ ആദ്യം അവർ സഹകരിച്ചില്ല. ഏറെ പണിപ്പെട്ടാണ് കേസിന് ആധാരമായ കാര്യങ്ങൾ പോലീസ് മനസ്സിലാക്കിയത്.
പ്രതികൾ കാട്ടൂർ സ്വദേശികളാണ്. രക്തക്കറ കാറിൽ കണ്ടെത്തി. ഒരു വാൾ പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് കണ്ടെടുത്തു. ഇരിങ്ങാലക്കുടയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളിൽ ഒരാളുടെ കാലിന് സംഘർഷത്തിനിടയിൽ പരിക്കേറ്റു.