തൃശൂര്‍: തട്ടകവാസികളുടെയും പൂരപ്രേമികളുടെയും ഹര്‍ഷാരവങ്ങള്‍ക്കിടെ വിഖ്യാതമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. തൃശൂര്‍ പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ ആചാരപ്പെരുമയോടെയായിരുന്നു കൊടിയേറ്റം. അകമ്പടിയായി ഹൃദ്യമായ മേളവും.
തിരുവമ്പാടിയില്‍ രാവിലെ 11.30ക്കും പാറമേക്കാവില്‍ 12.30 നുമാണ് കൊടിയേറിയത്. തിരുവമ്പാടിയില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ചേര്‍ന്ന് കൊടിമരം ഉയര്‍ത്തി. ഉച്ചയ്ക്കു മൂന്നിനുള്ള പൂരം പുറപ്പാടിനു തിരുവമ്പാടി ചന്ദ്രശേഖരന് തിടമ്പേറ്റും.
3.30നു എഴുന്നള്ളിപ്പ് നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരപ്പതാകകള്‍ ഉയരും. തുടര്‍ന്നു പൂരം പുറപ്പാട് വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തേക്ക്. അവിടെ മേളം കലാശിച്ച ശേഷം നടുവില്‍ മഠത്തില്‍ ആറാട്ടും ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളും. വലിയപാണിക്കു ശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടി ഉയര്‍ത്തി. പാറമേക്കാവ് കാശിനാഥന് ഭഗവതിയുടെ തിടമ്പേറ്റി. തുടര്‍ന്ന് അഞ്ച് ആനകളുടെയും, കിഴക്കൂട്ട് അനിയന് മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ ഭഗവതി എഴുന്നള്ളി. വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്കരണി തീര്‍ഥക്കുളത്തില്‍ ആറാട്ടും നടത്തും.
എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും. ഘടക ക്ഷേത്രമായ ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. രാവിലെ എട്ടരയോടെ തന്ത്രി പുലിയന്നൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ഇവിടെ കൊടിയേറ്റച്ചടങ്ങളുകള് പൂര്‍ത്തിയായി.
ഉച്ചയ്ക്കു11നും 11.30നുമിടയില്‍ അയ്യന്തോള്‍ കാര്ത്യായിനിക്ഷേത്രത്തില് കൊടിയേറി. കണിമംഗലം ശാസ്താക്ഷേത്രത്തിലും കിഴക്കുംപാട്ടുകര പനമുക്കുംപള്ളി ധര്‍മശാസ്താക്ഷേത്രത്തിലും കുറ്റൂര്‍ നെയ്തലക്കാവിലും വൈകീട്ട് 6.30നും ഏഴിനുമിടയില്‍ കൊടിയേറും. ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രത്തില്‍ വൈകീട്ട് 5.30നും ആറിനുമിടയിലാണ് കൊടിയേറ്റം. ചുരക്കോട്ടുകാവിലമ്മക്ഷേത്രത്തില് വൈകീട്ട് 7.30നും രാത്രി എട്ടിനുമിടയിലാണ് കൊടിയേറ്റം. മേയ് ആറിനാണ് തൃശൂര്‍ പൂരം. 4ന് സാമ്പിള്‍ വെടിക്കെട്ട് നടക്കും.