തൃശൂർ: സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോടുള്ള നിഷേധാത്മക സമീപനം കേരള സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. പാവപ്പെട്ട സ്ത്രീകള്‍ തെരുവില്‍ സമരം ചെയ്യുമ്പോള്‍ പിഎസ്സി അംഗങ്ങള്‍ക്കും കെ.വി.തോമസിനുമെല്ലം ലക്ഷങ്ങള്‍ കൂട്ടിക്കൊടുക്കുന്നതിലൂടെ ആശാവർക്കർമാരെ അപമാനിക്കുകയാണ് എൽഡിഎഫ് സർക്കാർ. അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്‍റെയല്ല നാട്ടിലെ വരേണ്യവര്‍ഗത്തിന്‍റെ പാര്‍ട്ടിയാണ് എന്ന് തെളിയിക്കുകയാണ് സിപിഎം. കൊവിഡ് കാലത്ത് ആശാവർക്കർമാർ നടത്തിയ ഇടപെടലാണ് ഭരണത്തുടർച്ച ഉറപ്പാക്കിയതെന്ന വസ്തതുതയെങ്കിലും മുഖ്യമന്ത്രി ഓർമിക്കണമായിരുന്നുവെന്നും മുൻകേന്ദ്രമന്ത്രി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആശവർക്കാർമാരുടെ സമരത്തിലും പതിവുപോലെ കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സർക്കാർ നീക്കം. ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ 2023–24 ല്‍ 189.15 കോടിയും 2024–25 ലെ 815.73 കോടിയും കേരളത്തിന് കേന്ദ്രം കൊടുത്തു കഴിഞ്ഞതാണ്. ഇനിയെത്ര ഫണ്ട് കിട്ടാനുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. ക്ഷേമപെന്‍ഷന്‍ കുടിശിക മുതല്‍ ആശമാരുടെ ഹോണറേറിയം വരെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരുന്നത് പരിഹാസ്യമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ദുരിതമനുഭവിക്കുന്നവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ട് രാഷ്ട്രീയ നിയമനം നേടിയ വന്‍കിടക്കാര്‍ക്കായി ഖജനാവിലെ പണമൊഴുക്കുന്ന സമീപനം പിണറായി വിജയൻ അവസാനിപ്പിക്കണമെന്നും വി.മുരളീധരൻ പറഞ്ഞുആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം.