തൃശൂര്‍: പെരിങ്ങാവിലെ പെറ്റ് ഷോപ്പില്‍ നിന്ന് വിലയേറിയ ഓമനമൃഗങ്ങളെ മോഷ്ടിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനും, പതിനാലു വയസുകാരനുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെരിങ്ങാവ് ഷൊര്‍ണൂര്‍ റോഡിലെ എസ്.എന്‍. പെറ്റ്‌സ് ഷോപ്പിലാണ് കവര്‍ച്ച നടന്നത്.
കുന്നംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയായിരുന്നു മോഷണം. മുന്തിയ ഇനത്തില്‍പെട്ട അഞ്ച് വളര്‍ത്തു നായ് കുഞ്ഞുങ്ങളെയും അഞ്ച് പേര്‍ഷ്യന്‍ പൂച്ചകളെയുമാണ് മോഷ്ടിച്ചത്. ഇവയ്ക്ക് മാര്‍ക്കറ്റില്‍ ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കും.
കവര്‍ച്ചയുടെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖം മറച്ചുപിടിച്ച് കടയില്‍ കയറിയ യുവാവിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. കൂട് തുറന്നശേഷം നായ് കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് പൂച്ചകളെയും പിടിച്ചുകൊണ്ടുപോയി.
സംഭവത്തില്‍ സ്ഥാപനം ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ മോഷ്ടിച്ച നായ് കുഞ്ഞുങ്ങള്‍ക്കും പൂച്ചകള്‍ക്കുമുള്ള തീറ്റ വാങ്ങുന്നതിനായി ഇവര്‍ പോകുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്.
നായ് കുഞ്ഞുങ്ങളെയും പൂച്ചകളെയും പൊലീസ് പെറ്റ്‌ഷോപ്പ് ഉടമയ്ക്ക് കൈമാറി. മുഹമ്മദ് ഹസന്‍ സ്ഥിരം ബൈക്ക് മോഷ്ടാവാണെന്ന് പൊലീസ് അറിയിച്ചു. വെസ്റ്റ് എസ്.എച്ച്.ഒ. ഷിജു എബ്രഹാം.ടി., എസ്.ഐമാരായ അനൂപ്, സന്തോഷ്, സീനിയര്‍ സി.പി.ഒ. ടോണി വര്‍ഗീസ്, സി.പി.ഒമാരായ റൂബിന്‍ ആന്റണി, സുശാന്ത്, ശ്രീരാഗ്, സത്യജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.