2019ലെ ലോകസഭ ഇലക്ഷൻ വിജയത്തിന് ശേഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും യുഡിഎഫിന് ഏറ്റ കനത്ത തിരിച്ചടിക്ക് ശേഷം തൃക്കാക്കരയിലെ മികച്ച വിജയം മുന്നണിക്ക് ആശ്വാസമായി
കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻ തിരിച്ചടി. 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ചരിത്രവിജയം കുറിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂവായിരത്തിൽപ്പരം വോട്ടുകളുടെ ലീഡ് മാത്രമേ തൃക്കാക്കര അസംബ്ലി മണ്ഡല പ്രദേശത്ത് യു.ഡി.എഫിന് ഉണ്ടായിരുന്നുള്ളൂ.
അപ്രതീക്ഷിതമായി ലിസി ഹോസ്പിറ്റൽ ഹൃദ്രോഗ വിദഗ്ധനായ ജോ ജോസഫിനെ സ്ഥാനാർത്ഥി ആക്കിയതും, അദ്ദേഹം സഭയുടെ സ്ഥാനാർത്ഥിയാണ് എന്ന് പ്രചാരണ തന്ത്രവും, കെ – റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളും കാണിക്കുന്ന ധാർഷ്ട്യമെന്ന ആരോപണവും, എറണാകുളം മുൻ കോൺഗ്രസ് എം.പിയും പാർട്ടിയുടെ മുതിർന്ന നേതാവായ കെ.വി തോമസിനെ കൂടെ നിർത്തിയതും ഈ കനത്ത തോൽവിക്ക് ശേഷം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കും.
മുഖ്യമന്ത്രിയും 20 മന്ത്രിമാരും 60 എൽഡിഎഫ് എം.എൽ.എമാരും തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിട്ടിട്ടും എൽ.ഡി.എഫ് സ്ഥാനാർഥിക്കേറ്റ കനത്ത പരാജയം സിപിഎമ്മിനും എൽ.ഡി.എഫിനും കനത്ത പ്രഹരമായി. 2019ലെ ലോകസഭ ഇലക്ഷൻ വിജയത്തിന് ശേഷം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും യുഡിഎഫിന് ഏറ്റ കനത്ത തിരിച്ചടിക്ക് ശേഷം തൃക്കാക്കരയിലെ മികച്ച വിജയം മുന്നണിക്ക് ആശ്വാസമായി.
കോന്നിയിലും വട്ടിയൂർക്കാവിലും അസംബ്ലി ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മണ്ഡലങ്ങൾ പിടിച്ചെടുത്ത സി.പി.എം തന്ത്രങ്ങൾ തൃക്കാക്കരയിൽ ഏറ്റില്ല. രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ അസംബ്ലി ഉപതെരഞ്ഞെടുപ്പിലെ വൻ തോൽവി പ്രചാരണം മുന്നിൽ നിന്നു നയിച്ച മുഖ്യമന്ത്രിയേയും സമ്മർദ്ദത്തിലാക്കും.
തൻറെ ജില്ലയിൽ ഉമ തോമസിനെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഉപതെരഞ്ഞെടുപ്പ് മുന്നിൽ നിന്ന് നയിച്ച നേതാവ് എന്ന നിലയിൽ പാർട്ടിയിലുള്ള സ്വാധീനം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വർദ്ധിക്കും.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെ. ജേക്കബ് നേടിയത് 45, 510 ആണ്. ഡോ. ജോ ജേക്കബിന് 47,752 നേടി. 2,242 വോട്ട് 2021 ലെക്കാൾ കൂടുതൽ. 2021 ലെക്കാൾ ബി.ജെ.പിക്ക് 2,528 വോട്ടിന്റെ കുറവുണ്ടായി. 2021 ൽ ട്വന്റി-ട്വന്റി 2021 ൽ 13,897 വോട്ട് നേടിയിരുന്നു. 2021ൽ പി ടി തോമസ് നേടിയതിനേക്കാൾ 10,687 വോട്ടുകളാണ് ഉമ് കൂടുതൽ നേടിയത്.
2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡന് ലഭിച്ച മുപ്പത്തി ആറായിരത്തിൽപ്പരം വോട്ടുകളാണ് തൃക്കാക്കരയിൽ യുഡിഎഫിന് ഈ അസംബ്ളി മണ്ഡലത്തിൽ ലഭിച്ച ഏറ്റവുമധികം ഭൂരിപക്ഷം. 2021ൽ അസംബ്ലി തെരഞ്ഞെടുപ്പിൽ വിജയിച്ച പി.ടി തൃക്കാക്കരയിൽ നേടിയത് 14,329 വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നു. 2011ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ 22, 206 വോട്ടുകളുടെ വിജയം തൃക്കാക്കരയിൽ നേടിയിരുന്നു.
2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ 10% വോട്ടുകൾ നേടിയ ആം ആദ്മി പാർട്ടിയുടെ വോട്ടുകൾ ഉമ തോമസിന് ലഭിച്ചുവെന്ന് അവർക്ക് ലഭിച്ച വൻ ഭൂരിപക്ഷം തെളിയിക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ നിന്ന് ആം ആദ്മി പാർട്ടി വിട്ടു നിന്നിരുന്നു. ബി.ജെ.പിക്ക് 2021ൽ ലഭിച്ച 15% വോട്ട് ഈ ഉപതെരഞ്ഞെടുപ്പിൽ 10% കുറയാനുള്ള എല്ലാ സാധ്യതകളും ഇതുവരെയുള്ള വോട്ടെണ്ണലിൽ തെളിഞ്ഞു. 239 ബൂത്തുകൾ ഉള്ള തൃക്കാക്കര അസംബ്ലി മണ്ഡലത്തിൽ 20 ബൂത്തുകളിൽ മാത്രമേ എൽഡിഎഫിന് ലീഡ് നേടാൻ സാധിച്ചുള്ളൂ.