തൃശൂര്‍: തൃശൂര്‍ ഞാനങ്ങ് എടുക്കുമെന്നല്ല, നിങ്ങള്‍ തന്നാല്‍ ഞാന്‍ സ്വീകരിക്കുമെന്നാണ് അന്ന് പറഞ്ഞതെന്ന് നടന് സുരേഷ് ഗോപി. റീജിയണല്‍ തിയേറ്ററില്‍ ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. .
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.
നാടകങ്ങളില്‍ രാഷ്ട്രീയം കുത്തിനിറയ്ക്കാന്‍ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണെന്നും രാഷ്ട്രീയത്തള്ള് ഉത്സവങ്ങളായി നാടകങ്ങള്‍ മാറുമ്പോഴല്ലേ പ്രേക്ഷകര്‍ അതില്‍ നിന്ന് അകലുന്നതെന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാടകങ്ങളിലെ ദൈവനിഷേധം വേദനിപ്പിച്ചിരുന്നില്ല. എന്നാല്‍, പ്രത്യേക ഉന്നം വച്ച് മലീമസമായ ഹൃദയത്തോടെ ദൈവത്തെ കുറ്റം പറയുന്നതിന് മാപ്പില്ല, വിശ്വാസികളുടെ തുമ്മലില്‍ നിങ്ങള്‍ക്കു പിടിച്ചു നില്‍ക്കാനാവില്ലെന്ന് ഓര്‍മയിരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
ടാസ് പ്രസിഡന്റ് ഒ.ജെ.ജോസ് അധ്യക്ഷത വഹിച്ചു. വി.ഗിരീശന്, ജോസ് ആലുക്ക, എ.സി.ജോസ്, റെജി ജോയ്, സുനില്‍ സുഖദ, കെ.ഗിരീഷ് കുമാര്‍, ഒ.രാധിക എന്നിവര്‍ പ്രസംഗിച്ചു. റീജനല്‍ തിയറ്ററില്‍ 20 വരെയാണ് നാടകോത്സവം.