തിരുവനന്തപുരം: കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു തൃശൂര്‍ പൂരം നടന്നത്. രാത്രിയെഴുന്നള്ളിപ്പിനിടയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരം നിര്‍ത്തിവെച്ചത് വിവാദമായിരുന്നു. പൂരം കലക്കിയതിലെ അന്വേഷണങ്ങള്‍ എങ്ങുമെത്തിയില്ല.
എ.ഡി.ജി.പി എം ആര്‍ അജിത് കുമാറിനെ അന്വേഷണച്ചുമതല ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടത് നേതൃത്വത്തിന് പ്രത്യേകിച്ച് സി.പി.ഐയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. ഒടുവില്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണം എങ്ങുമെത്തിയില്ല. പൊലീസ് ഒഴികെയുള്ള വകുപ്പുകള്‍ക്ക് വീഴ്ച പറ്റിയോ എന്ന എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്റെ അന്വേഷണം മാത്രമാണ് പൂര്‍ത്തിയായത്.
വെടിക്കെട്ട് നിയന്ത്രണത്തിന്റെ പേരിലാണ് കാണികള്‍ക്കും, കമ്മിറ്റിക്കാര്‍ക്കും രാത്രി പോലീസിന്റെ ലാത്തിയടിയേറ്റത്. ഇതില്‍ പ്രതിഷേധിച്ചാണ് പൂരം അപ്രതീക്ഷിതമായി നിര്‍ത്തിവെച്ചത്. എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പുലര്‍ച്ച നടക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂര്‍ വൈകി പകലാണ് നടന്നത്. തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ താമര വിരിയാന്‍ കാരണം പൂരം കലക്കലാണെന്ന് സിപിഐ കരുതുന്നു. പൂരം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും കലക്കലിന് പിന്നിലെ ഗൂഢാലോചനക്കാരെ കണ്ടെത്തിയില്ല.
വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ അന്വേഷണം ഏല്‍പ്പിച്ചത് പൂരം കലക്കലില്‍ ആരോപണം നേരിട്ട എഡിജിപി എംആര്‍ അജിത് കുമാറിനെയാണ്. തിരുവമ്പാടി ദേവസ്വത്തെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും പേരെടുത്ത് പറഞ്ഞില്ല.
അജിത് കുമാറിനെ രൂക്ഷമായി കുറ്റപ്പെടുത്തി ഡിജിപി റിപ്പോര്‍ട്ട് തള്ളി. സ്ഥലത്തുണ്ടായിരുന്ന അജിത് കുമാര്‍ എന്ത് ചെയ്യുകയായിരുന്നുവെന്നായിരുന്നു ഡിജിപിയുടെ ചോദ്യം. ഡിജിപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ മൂന്നിന് സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചു. അജിത് കുമാറിന്റെ പങ്കിനെ കുറിച്ചുള്ള ഡിജിപിയുടെ അന്വേഷണവും ഗൂഢാലോചനയിലെ ക്രൈംബ്രാഞ്ച് അന്വേഷണവും വെളിച്ചം കണ്ടിട്ടില്ല.