തൃശൂര്‍: മലപ്പുറം കരുവാരക്കുണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലാക്കിയ കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. ഇന്നലെ രാത്രി വളരെ വൈകിയാണ് എത്തിച്ചത്. കടുവയെ ഇനി 21 ദിവസം പാര്‍ക്കിലെ ക്വാറന്റൈന്‍ സെന്ററില്‍ പാര്‍പ്പിക്കും. സന്ദര്‍ശകര്‍ക്ക് ഇവിടെ കര്‍ശന വിലക്കുണ്ട്.
നിലവില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അഞ്ച് കടുവകള്‍ എത്തിക്കഴിഞ്ഞുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കാട്ടില്‍ നിന്ന് പിടികൂടുന്ന ശൗര്യമുളള മൃഗങ്ങളെ പുത്തൂരിലേക്കെത്തിക്കും. അവയെ കൃത്യമായി ട്രെയിന്‍ ചെയ്ത ശേഷമായിരിക്കും പുറത്തേക്കിറക്കുക.
മെയ് 15നാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത് കണ്ടത്. ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കൊന്ന കടുവയാണിതെന്നാണ് നിഗമനം. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ എത്തി കടുവയെ മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.