Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നരാധമന്മാർ കുറ്റക്കാർ; മനപ്പൂർവമല്ലാത്ത കൊല എന്ന് കോടതി! കൊലക്കുറ്റം തെളിയിക്കാൻ അപ്പീൽ പോകുമെന്ന് കുടുംബം

കൊച്ചി: കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച ആദിവാസി യുവാവായ മധുവിനെ അട്ടപ്പാടിയിലെ അജമുടിക്കാട്ടിൽ നിന്ന് പിടികൂടി നാലു കിലോമീറ്ററോളം കാട്ടിലൂടെ നടത്തി ക്രൂരമായി മർദ്ദിച്ച് മുക്കാലിക്കവലയിൽ വച്ച് ജനക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ പതിനാറിൽ 14 പ്രതികളും കുറ്റക്കാർ എന്ന് മണ്ണാർക്കാട് പ്രത്യേക എസ് സി എസ് ടി കോടതി കണ്ടെത്തി. നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ശിക്ഷ നാളെ കോടതി വിധിക്കും.

ബോധപൂർവ്വമുള്ള കൊലക്കുറ്റം അല്ലാത്തതിനാൽ പ്രതികൾക്ക് ആർക്കും തന്നെ ജീവപര്യന്തം ശിക്ഷ ലഭിക്കില്ല. ഒരു കിലോ അരിയും മുളകുപൊടിയും ചായപ്പൊടിയും മുക്കാലിയിലെ കടയിൽ നിന്ന് മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ജനക്കൂട്ട വിചാരണ നടത്തി മാനസിക സ്ഥിരതയില്ലാത്ത മെലിഞ്ഞൊട്ടി അസ്ഥിപഞ്ചരം മാത്രമായിരുന്ന അട്ടപ്പാടിയിലെ സ്വന്തം വീട് വിട്ട് കാട്ടിലെ ഗുഹയിൽ കഴിഞ്ഞിരുന്ന 27 വയസ്സുകാരനായ മധുവിനെ പ്രതികൾ വടികൊണ്ടും കൈകൊണ്ടും കാലുകൊണ്ടും ക്രൂരമായി മർദ്ദിച്ച് 2018 ഫെബ്രുവരി 22ന് കൊലപ്പെടുത്തിയത്.

തലച്ചോറിൽ ഉണ്ടായ രക്തസ്രാവവും വാരിയെല്ല് ഒടിഞ്ഞുണ്ടായ ആന്തരിക മുറിവുമാണ് മധുവിന്റെ മരണത്തിലേക്ക് നയിച്ചത്. വലിയ സമ്മർദ്ദമാണ് കേസിലെ സാക്ഷികൾക്കും പ്രോസിക്യൂഷനും വിചാരണവേളയിൽ നേരിടേണ്ടിവന്നത്. സാക്ഷികളായ ഗോത്രവർഗ്ഗക്കാർ പ്രതികളെ ആശ്രയിച്ച് ജീവിക്കുന്നവർ ആയതിനാൽ പലരും സ്വാധീനത്തിനു വഴങ്ങി അവർക്ക് കൂറുമാറേണ്ടി വന്നു. ഒന്നു മുതൽ പതിനാറാം സാക്ഷി വരെയുള്ളവർ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകിയെങ്കിലും അതിൽ എല്ലാവരും ആദ്യഘട്ടത്തിൽ കൂറുമാറി. മധുവിന്റെ ബന്ധുവായ പതിമൂന്നാം സാക്ഷി സുരേഷ് ആദ്യം കൂറുമാറിയെങ്കിലും സാക്ഷികളെ സംരക്ഷിക്കുന്ന നിയമം കേസിൽ നടപ്പിലാക്കിയതിനാൽ മധുവിന് അനുകൂലമായി പിന്നീട് അദ്ദേഹം മൊഴി നൽകിയത് പ്രധാന പ്രതികൾ കുറ്റക്കാർ എന്ന് തെളിയുന്നതിന് നിർണായകമായി.

മൂന്നാം പ്രതിയായ ഷംസുദ്ദീനെ CPM മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് വലിയ വിവാദമായി. പിന്നീട് വലിയ പ്രതിഷേധത്തിന് ശേഷം തെരഞ്ഞെടുപ്പ് പാർട്ടി റദ്ദാക്കി. പ്രതികളെ സഹായിക്കാൻ പ്രദേശത്തെ മഹൽ കമ്മറ്റി രംഗത്തുവന്നു എന്ന വാർത്തകളും ശ്രദ്ധ നേടിയിരുന്നു.

അട്ടപ്പാടി മധു വധക്കേസില്‍ മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. കേസിന്റെ അന്തിമവാദം മാര്‍ച്ച് 10 നു പൂര്‍ത്തിയായിരുന്നു. 2018 ഫെബ്രുവരി 22 നായിരുന്നു കേരള മനസാക്ഷിയെ നടുക്കിയ കൊലപാതകം.

സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. 2022 ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്.സി.എസ്.ടി ജില്ലാ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. 16 പ്രതികളാണ് കേസില്‍ ഉള്ളത്. 127 സാക്ഷികളില്‍ 24 പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി.

സാക്ഷി വിസ്താരം തുടങ്ങി പതിനൊന്ന് മാസംകൊണ്ട് 185 സിറ്റിങ്ങോടെയാണ് കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി താലൂക്കിലെ ചിണ്ടേക്കി കടുകുമണ്ണ പഴയൂരിലെ മുപ്പത് വയസുകാരനായ മധു ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകവെ മരണപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്

2018 മെയ് മാസത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസില് 3,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു 16 പേരെ പ്രതികളാക്കി 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കൊലപാതകം, കുറ്റകൃത്യങ്ങള്‍ എന്നിവ ചുമത്തിയായിരുന്നു കേസെടുത്തത്.

2022 ജനുവരി 25 ന് മണ്ണാര്‍ക്കാട് എസ്സി/എസ്ടി പ്രത്യേക കോടതിയില്‍ കേസ് പരിഗണിക്കുന്നു. ഇതിന് ഒരാഴ്ച മുമ്പാണ് കേസിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ കാലതാമസവും കേസില്‍ വലിയ തിരിച്ചടിയായി. പ്രതിപ്പട്ടികയിലുള്ളവരുടെ രാഷ്ട്രീയ സ്വാധീനം ആരോപിക്കപ്പെടുന്ന കേസുകൂടിയാണ് മധു കേസ്.

2021 സെപ്റ്റംബറില്‍ പ്രതികളിലൊരാളായ ഷംസുദ്ദീന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സി.പി.എം നേതാക്കളും മധു കേസിനെ അപലപിച്ചെങ്കിലും മധുവിന് നീതി ലഭ്യമാക്കാന്‍ വലിയ കാലതാമസമെടുത്തു.

മധുവിന്റെ കേസ് അന്വേഷിക്കുന്ന പാലക്കാട് മണ്ണാര്‍ക്കാട് എസ്സി/എസ്ടി പ്രത്യേക കോടതിയില്‍ സ്ഥിരം ജഡ്ജി ഇല്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ വാദം നടന്നില്ല. തുടര്‍ന്ന് കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ ഏറെ സമയമെടുത്തു. അഡ്വ.പി ഗോപിനാഥിനെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കേസില്‍ ആദ്യം നിയമിക്കുന്നത്. 2018 നവംബറില്‍ സര്‍ക്കാര്‍ ഈ നിയമന ഉത്തരവ് റദ്ദാക്കി. പി.ഗോപിനാഥിനെ നിയമിക്കുന്നതിനുള്ള ചെലവ് വഹിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം സി.എച്ച്.ആര്‍.എഫ് എന്ന സംഘടന മധുവിന്റെ കുടുംബത്തിന് സഹായവുമായി എത്തിയത്. അഡ്വക്കേറ്റ് വി ടി രഘുനാഥായിരുന്നു സി.എച്ച്.ആര്‍.എഫ് പ്രസിഡന്റ്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് അത് വി ടി രഘുനാഥ് 2019 ല്‍ മധു കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിതനായി.

എന്നാല്‍ രണ്ട് തവണ മാത്രമാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഭിഭാഷകന്‍ രഘുനാഥ് കോടതിയില്‍ ഹാജരായത്. ഓരോ തവണയും കോടതി കേസ് വിളിച്ചപ്പോഴും പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാല്‍ കേസ് തുടര്‍ച്ചയായി മാറ്റിവെച്ചു. 2019-ല്‍ ഒരു പ്രതി കേസിന്റെ ഡിജിറ്റല്‍ തെളിവുകള്‍ തേടിയപ്പോള്‍ വി.ടി. രഘുനാഥ് എതിര്‍ത്തിരുന്നില്ലെന്ന് മുന്‍ സി.എച്ച്.ആര്‍.എഫ് അംഗം ആരോപിച്ചു. ഒടുവില്‍ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 2022 ജനുവരി 14ന് വി ടി രഘുനാഥ് കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവച്ചു.

ഇതിനിടെ കേസില്‍ നിര്‍ണായക സാക്ഷിയായ വനംവകുപ്പ് വാച്ചര്‍ അടക്കം 24 സാക്ഷികള്‍ തുടരെ തുടരെ കൂറുമാറി. രണ്ട് സാക്ഷികള്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. സാക്ഷി വിസ്താരം തുടങ്ങി പതിനൊന്ന് മാസംകൊണ്ട് 185 സിറ്റിങ്ങോടെയാണ് കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

Leave a Comment

Your email address will not be published. Required fields are marked *