തൃശൂര്‍: പൊന്നോണത്തിന് നാടും നഗരവും ഒരുങ്ങി. മഴയെ കൂസാതെ ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട തിരക്കിലാണ് മലയാളികള്‍. മഴയെ കൂസാതെ ഉത്രാടപ്പാച്ചില്‍ തിരക്കിലാണ് ജനം. നഗരം ഇന്ന്് മുതല്‍ ആഘോഷനിറവിലാണ്. തിരുവോണം നാള്‍ മുതല്‍ കുമ്മാട്ടികളിറങ്ങും. കിഴക്കുംപാട്ടുകരയില്‍ 3ന് തെക്കുമുറി കുമ്മാട്ടിക്കളിയും, 4ന് വടക്കുമുറി കുമ്മാട്ടിക്കളിയും അരങ്ങേറും. 8നാണ് നഗരത്തില്‍ പുലിയിറക്കം. ഓണവിപണിയിലും തിരക്കാണ്. പച്ചക്കറികള്‍ക്ക്് ഇക്കുറി തീവിലയില്ല.
മുരിങ്ങക്ക, പടവലങ്ങ, കോവക്ക എന്നിവക്ക് മാത്രമാണ് കിലോയ്ക്ക് അന്‍പത് രൂപയെങ്കിലും വിലയുള്ളത്. പതിനഞ്ച് കിലോയുടെ ഒരു പെട്ടി തക്കാളിയുടെ വില എണ്ണൂറില്‍ നിന്നും 250 ലേക്കും കൂപ്പുകുത്തി. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറിയെത്തുന്ന മധുര, തേനി മാര്‍ക്കറ്റുകളിലും സ്ഥിതി ഇതുതന്നെ. പക്ഷേ ചൊവ്വാഴ്ച ഉയര്‍ന്ന വിലക്ക് വ്യാപാരികള്‍ പച്ചക്കറി വാങ്ങിയതിനാല്‍ ഉത്രാദ ദിവസം മലയാളി കൂടിയ വില നല്‍കേണ്ടി വരാനാണ് സാധ്യത. ഉല്‍പ്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതിനാല്‍ കൃഷിക്കാരും നിരാശയിലാണ്.