തൃശൂര്‍: പതിവ് കരഘോഷങ്ങളില്ല. ചിരിയുടെ അലകളില്ല. ഏറെ മോഹിച്ച് മകള്‍ വന്ദന നേടിയെടുത്ത ഡോക്ടര്‍ ബിരുദം മരണാനന്തരബഹുമതിയായി ഗവര്‍ണറില്‍ നിന്ന് വന്ദനയുടെ മാതാപിതാക്കള്‍ ഏറ്റുവാങ്ങുമ്പോള്‍ വേദിയും സദസ്സും മൗനത്തിലായിരുന്നു. വേദന പടര്‍ന്ന നെടുവീര്‍പ്പുകളോടെ, ഈറനായ കണ്ണുകളോടെ നിറഞ്ഞ സദസ്സ് വന്ദനയുടെ മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.
മകളുടെ അകാലവിയോഗത്തിന്റെ വേദന ഉള്ളിലൊതുക്കിയാണ് എം.ബി.ബി.എസ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ വന്ദനയുടെ പിതാവ് കെ.ജി.മോഹന്‍ദാസും, അമ്മ വസന്തകുമാരിയും എത്തിയത്്്്. ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ വന്ദനയുടെ മാതാപിതാക്കളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ചു.
കൊട്ടാരക്കര താലൂക്ക്് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല്ലപ്പെട്ട ഹൗസ് സര്‍ജന്‍ ഡോ.വന്ദനാദാസിന് മരണാനന്തരബഹുമതിയായി എം.ബി.ബി.എസ് ബിരുദം നല്‍കാന്‍ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല ഗവേണിംഗ് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.
ഇന്ത്യയില്‍ നാനാത്വം ആഘോഷിക്കപ്പെടുകയാണെന്നും, വൈവിധ്യങ്ങള്‍ക്കിടയിലെ ഈ ഐക്യപ്പെടല്‍ നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സ്വഭാവമാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുളങ്കുന്നത്തുകാവില്‍ കേരള ആരോഗ്യ സര്‍വകലാശാലയുടെ പതിനേഴാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് അടിയന്തര സേവനങ്ങള്‍ നല്‍കുന്നവര്‍ക്കും നിയമപരമായും, നയപരമായും സുരക്ഷ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇത് സമൂഹത്തിന്റെ കടമയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാനസിക സമ്മര്‍ദങ്ങള്‍ക്ക് വഴിപ്പെടരുത്. വൈകാരികതയെ പ്രതിരോധിക്കാനുള്ള കഴിവ് വായനയിലൂടെ സമ്പാദിക്കണം. ബിരുദ സമ്പാദനം പഠനത്തിന്റെ അവസാനമല്ല. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ സ്വയം നവീകരിക്കുക എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ ബിരുദധാരികളെ ഓര്‍മിപ്പിച്ചു.
മെഡിസിന്‍, ആയുര്‍വേദ, ഹോമിയോപ്പതി, ഡെന്റല്‍, നഴ്‌സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ വിഭാഗങ്ങളിലായി 10,830 ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കി. ഇതോടെ ആകെ സര്‍വ്വകലാശാലാ ബിരുദം നേടിയവര്‍ 1,33,606 ആയി. സര്‍വ്വകലാശാല നിലവില്‍ വന്ന ശേഷം ആദ്യമായി രണ്ട് പേര്‍ ഗവേഷണബിരുദം (പി.എച്ച്.ഡി) കരസ്ഥമാക്കി.
എം.ബി.ബി.എസ് പരീക്ഷക്ക് മൈക്രോബയോളജിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്കുള്ള ഡോ. ജയറാം പണിക്കര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ വിനയ് വി.എസിന് സമ്മാനിച്ചു. ബിരുദ കോഴ്‌സുകളിലെ ഒന്നാം റാങ്ക് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും നല്‍കി.
സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ സ്വാഗതം ആശംസിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി.പി. വിജയന്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ പ്രൊഫ. ഡോ. എ.കെ. മനോജ്കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. ഡോ. എസ്സ്. അനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ. പി. രാജേഷ്, സര്‍വ്വകലാശാലാ ഡീന്‍മാരായ ഡോ. ഷാജി കെ എസ്സ്, ഡോ. വി എം ഇക്ബാല്‍, ഡോ ബിനോജ് ആര്‍, വിവിധ ഫാക്കല്‍റ്റി ഡീന്‍മാര്‍, സെനറ്റ് അംഗങ്ങള്‍, ഗവേര്‍ണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.