തൃശൂര്‍: വന്ദേ ഭാരത് അഭിമാനമെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. ലോകത്തിനുമുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ ഒരു കാരണം കൂടിയായി. വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ ഇത്തരം നിലവാരമുള്ള ട്രെയിനുകള്‍ കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിലും ഇതുണ്ട് എന്നത് ഇനി ഒരു അഭിമാനമാണ്. ഔസേപ്പച്ചന്‍ പറഞ്ഞു. വന്ദേ ഭാരത് ട്രെയിനില്‍ തൃശ്ശൂരില്‍ നിന്ന് ഷൊര്‍ണൂര്‍ വരെ യാത്ര ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഔസേപ്പച്ചന്‍.
പറയുന്നത് ചെയ്യുമെന്ന് ഒരിക്കല്‍ കൂടി നരേന്ദ്രമോദി തെളിയിച്ചുവെന്ന് സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.വെറും വാക്ക് പറയുന്നയാളല്ല നരേന്ദ്രമോദി.അതിന് ഉദാഹരണമാണ് വന്ദേഭാരത് എക്‌സ്പ്രസ്. വന്ദേ ഭാരത് യാത്രാനുഭവം വളരെ മികച്ചതെന്ന് പ്രശസ്ത ഗായകന്‍ പി.ജയചന്ദ്രന്‍. ഇത്രയും നല്ലൊരു യാത്രാനുഭവം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. ഇത്തരം ട്രെയിനുകളാണ് നമുക്ക് വേണ്ടത്. ജയചന്ദ്രന്‍ പറഞ്ഞു. ഉച്ചയ്ക്ക് 3:50ന് തൃശ്ശൂരില്‍ എത്തും എന്നാണ് അറിയിച്ചിരുന്നതെങ്കിലും ട്രെയിന്‍ എത്തുമ്പോള്‍ നാലര കഴിഞ്ഞു. നൂറോളം പൗരപ്രമുഖരും മാധ്യമപ്രവര്‍ത്തകരും തൃശ്ശൂരില്‍ നിന്ന് ഷൊര്‍ണൂര്‍ വരെ യാത്ര ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ തൃശൂര്‍ സ്റ്റേഷനില്‍ ആവേശപൂര്‍വ്വം സ്വീകരണം നല്കി.