തൃശൂര്‍: അകക്കണ്ണിന്റെ തിളക്കത്തില്‍ കരുതലോടെ കരുക്കള്‍ നീക്കിയ കാഴ്ചപരിമിതരായ ചെസ് താരങ്ങള്‍ കാഴ്ചശേഷിയുള്ളവരെ സമനിലയില്‍ തളച്ചു.
അന്തര്‍ദേശീയ ചെസ് ദിനത്തില്‍ പാലസ് റോഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍എഡ്യുക്കേഷന്‍ ഹാളിലായിരുന്നു അത്യന്തം ആവേശജനകമായ ചെസ് മത്സരം നടന്നത്. സംസ്ഥാന ചെസ് ടെക്‌നിക്കല്‍ കമ്മിറ്റി കേരളാ ചെസ്’ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡിന്റെ സഹകരണത്തോടെയാണ് ഈ അപൂര്‍വ്വ മത്സരം സംഘടിപ്പിച്ചത്.
ഇന്ത്യന്‍ ബ്ലൈന്‍ഡ് ചെസ് ടീം അംഗങ്ങളായ മുഹമ്മദ് സാലി (കോഴിക്കോട്), അയ്ഷ സൈനബ് (പാലക്കാട്) നിലവിലെ സംസ്ഥാന ബ്ലൈന്‍ഡ് ചെസ് ചാമ്പ്യന്‍ ടി ഷൈബു (കണ്ണൂര്‍), ചെസ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് സ്ഥാപകന്‍ കെ രാജന്‍ മാസ്റ്റര്‍ (കാസര്‍ഗോഡ്) തുടങ്ങിയ 11 അന്തര്‍ദേശീയ റേറ്റഡ് കളിക്കാരടക്കം 15 അന്ധ ചെസ് താരങ്ങള്‍ ഒരു വശത്ത് അണിനിരന്നപ്പോള്‍ 11 അന്തര്‍ദേശീയ റേറ്റഡ് കളിക്കാരടക്കം 15 കാഴ്ചശക്തിയുള്ള ചെസ് താരങ്ങള്‍ അണിനിരന്നു.
മൂന്നു മണിക്കുറോളം നീണ്ട പോരാട്ടത്തില്‍ കാഴ്ചപരിമിത ചെസ് താരങ്ങള്‍ കാഴ്ചശക്തിയുള്ളവരെ 7.5 – 7.5 എന്ന സ്‌കോറില്‍ സമനിലയില്‍ തളച്ചു.
കാഴ്ചപരിമിതരില്‍ കെ.സത്യശീലന്‍, മുഹമ്മദ് സാലി, ഷൈബു ടി, കെ.ദിലീപ്, കെ. മുസ്തഫ, വിബിന്‍ വില്‍സണ്‍ എന്നവര്‍ വിജയികളായപ്പോള്‍ മറുപക്ഷത്ത് അഹസ് ഇ യു, മനില്‍ വി എസ് , മാളവിക പ്രിയേഷ്, ദിന്‍ഷ സി എസ്, വിനീത, വിശ്വനാഥന്‍ ഏ സി, എന്നിവരും വിജയിച്ചു.