Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സന്ദര്‍ശകര്‍ക്ക് ആരാച്ചാരാകാം, ലോക്കപ്പും കാണാം

തൃശൂര്‍:   പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിന്റെ പവലിയനില്‍ തിരക്കേറി.
വിയ്യൂര്‍ ജയിലിന്റെ രൂപത്തില്‍  നിര്‍മ്മിച്ച പവലിയനില്‍ വധശിക്ഷ നടപ്പാക്കുന്നതിന്റെ മാതൃക ഉദ്യോഗസ്ഥര്‍ കാണിച്ചു തരും. തൂക്കുകയറില്‍ വധശിക്ഷ നടപ്പിലാക്കുന്നത് എങ്ങിനെയെന്ന് സന്ദര്‍ശകര്‍ക്കും പരീക്ഷിച്ച് നോക്കാം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ആദ്യകാല ചരിത്രം ഒറ്റനോട്ടത്തില്‍ അറിയാം. കൂടാതെ ജയില്‍ അന്തേവാസികള്‍ നിര്‍മ്മിച്ച തോര്‍ത്തുകള്‍, ഹണികൊമ്പ് ടവല്‍, നെറ്റിപ്പട്ടങ്ങള്‍, ജമുക്കാളം, ടേബിള്‍ ഷീറ്റ് എന്നിവയും ഇവിടെ വില്‍പനയ്ക്കുണ്ട്. എങ്ങനെയിരിക്കുമെന്ന് കണ്ടുനോക്കാന്‍ ലോക്കപ്പിന്റെ മാതൃകയും ഇവിടെ കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ ജയിലില്‍ ഉപയോഗിച്ചിരുന്ന ശിക്ഷ രജിസ്റ്ററും പവലിയനില്‍ എത്തുന്നവര്‍ക്ക് കാണാം.
ജയിലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും ഇവിടെ കാണാം. 1914-ല്‍ കൊച്ചി മഹാരാജാവിന്റെ സഹധര്‍മ്മിണി പാറുക്കുട്ടി നേത്യാരമ്മയാണ് ആയിരം ഏക്കര്‍ വിയ്യൂര്‍ ജയില്‍ സ്ഥാപിക്കാന്‍ ദാനമായി നല്‍കിയത്. തേക്കിന്‍കാട് മൈതാനത്തെയും, തൃപ്പൂണിത്തറയിലെയും ജയിലുകള്‍ ഇവിടേക്ക് മാറ്റി. ഇപ്പോള്‍ 139 ഏക്കറിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം.
ജയിലില്‍ അന്തേവാസികള്‍ക്കായി ലൈബ്രറിയും, ആശുപത്രിയും, ലാബും വിദ്യാഭ്യാസത്തിനുള്ള സൗകര്യവും, കൗണ്‍സിലിംഗ് സെന്ററും ഉണ്ട്. ഫ്രീഡം പെട്രോള്‍ പമ്പ്, ബ്യൂട്ടി പാര്‍ലര്‍, പോളി ഫാം ഹൗസ്, പച്ചക്കറി- മറ്റ് ഭക്ഷ്യോത്പന്ന വിപണനം എന്നിവയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മേല്‍നോട്ടത്തിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *