തൃശൂര്‍: മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന ജൈവകലയാണ് നാടകമെന്ന് സംഗീത നാടക അക്കാദമി ഭരണസമിതി അംഗം കൂടിയായ നടന്‍ സന്തോഷ് കീഴാറ്റൂര്‍. നാടകകല മന്ദീഭവിച്ചിരിക്കുകയാണ്. അമച്വര്‍ നാടകസംഘങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പുതുതലമുറ വേറെ മേഖലകളിലേക്ക് പോകുന്നു. ലഹരിവലയിലാണിന്ന് യുവതലമുറ. അവരെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരണം. നാടകങ്ങള്‍ കൂടുതല്‍ ജനകീയമാക്കണം.
ഇന്ത്യയില്‍ തന്നെ ഇത്രയും ബൃഹത്തായൊരു നാടകോത്സവം നമ്മുടെ കൊച്ചുകേരളത്തില്‍ മാത്രമേ സാധ്യമാകുന്നുള്ളൂ. ഇന്ത്യയിലെ പേരുകേട്ട പല നാടക സംഘങ്ങളും പിരിച്ചുവിട്ടുകഴിഞ്ഞു. നാടകോത്സവങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ഇറ്റ്‌ഫോക്ക് നാടകോത്സവത്തെ പ്രസക്തമാക്കുന്നത്് മാനവികത ഒന്നിക്കണമെന്ന മുദ്രാവാക്യമാണ്. ജൈവകലകള്‍ ഇല്ലാതായിക്കഴിഞ്ഞാല്‍ അവിടെ മാനുഷികതയ്ക്ക് സ്ഥാനമുണ്ടാകില്ല. അവിടെ സംഘര്‍ഷമുണ്ടാകും. പ്രതികരിക്കുന്നവര്‍ ഇല്ലാതാക്കും. രാജ്യം ഏകാധിപത്യത്തിലേക്ക് പോകും. പതിമൂന്നാമത്തെ ഇറ്റ്‌ഫോക്കാണിത്. ആദ്യത്തെ ഇറ്റ്‌ഫോക്കില്‍ താന്‍ മുഴുവന്‍ സംഘാടകനായിരുന്നു. മതിയായ ഫണ്ടിന്റെ അപര്യാപ്തത മൂലം ഇറ്റ്‌ഫോക്കിന് മുന്‍കാല തിളക്കമില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.
കലയുടെ നവോത്ഥാനത്തിനായി സംഗീത നാടക അക്കാദമി നിരവധി പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. അടുത്ത ബജറ്റില്‍ പ്രത്യേക ഫണ്ട് നീക്കിവെയ്ക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു.