തിരുവനന്തപുരം: വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ പി ജെ കുര്യനെ വിമര്‍ശിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിന്റെ സമരപോരാട്ടങ്ങള്‍ കണ്ണുതുറന്ന് കാണണമെന്ന് സംസ്ഥാന സെക്രട്ടറി പി എ നോബിള്‍ കുമാര്‍ ഫേയ്്്‌സ്ബുക്കില്‍ വ്യക്തമാക്കി.
മിസ്റ്റര്‍ പി ജെ കുര്യാ താങ്കള്‍ കണ്ണുതുറന്നു നോക്കടോ, കണ്ണിന് തിമിരം ബാധിച്ചാല്‍ ചികിത്സിക്കണം. താങ്കളുടെ കാലഘട്ടത്തില്‍ താങ്കള്‍ക്ക് തരാന്‍ പറ്റുന്ന പോലെ ഈ പാര്‍ട്ടി എല്ലാം തന്നിരുന്നില്ലെ. യാതൊന്നും പ്രതീക്ഷിക്കാതെ നിരന്തരം പോരാട്ടത്തിലാണ് ഞങ്ങള്‍. കേസുകളുടെയും പരുക്കുകളുടെയും എണ്ണം നോക്കുന്നില്ല. ഈ പാര്‍ട്ടി ജയിക്കണം. ജയിച്ചേ മതിയാകൂ. മിസ്റ്റര്‍ കുര്യന്‍ സാറേ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ എന്നാണ് പി എ നോബിള്‍ കുമാര്‍ ഫേയ്്്‌സ്ബുക്കില്‍ കുറിച്ചത്.
ക്ഷുഭിത യൗവനത്തെ അല്ല വിവേകമുള്ള പ്രവര്‍ത്തകരെയാണ് യൂത്ത് കോണ്‍ഗ്രസിന് വേണ്ടതെന്ന് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്. കുര്യന്‍ സാര്‍ പറഞ്ഞ എല്ലാം ഉള്‍ക്കൊള്ളുന്നു. എന്നാല്‍ തീക്ഷ്ണമായ സമരങ്ങള്‍ കാണണം. മാറിയകാലത്ത് ടിവിയില്‍ വരേണ്ടത് ആവശ്യമാണ്. ആളില്ലായ്മ ഇല്ല ചില മണ്ഡലങ്ങളില്‍ കുറവുണ്ട്. പിജെ കുര്യന്റെ മണ്ഡലമായ പുറമറ്റത്ത് വൈകാതെ മണ്ഡലം പ്രസിഡണ്ട് ഉണ്ടാകും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി അധ്യക്ഷനെയും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളെയും വേദിയിലിരുത്തിയായിരുന്നു പത്തനംതിട്ടയില്‍ ഡിസിസി സംഘടിപ്പിച്ച സമര സംഗമത്തില്‍ പി.ജെ കുര്യന്റെ രൂക്ഷ വിമര്‍ശനം. സംഘടനാ പ്രവര്‍ത്തനം ടിവിയില്‍ മാത്രം പോര.നാട്ടില്‍ ഇറങ്ങി ആളെ കൂട്ടണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്റെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. എസ്എഫ്ഐയുടെ സര്‍വ്വകലാശാല സമരത്തെ പ്രശംസിക്കാനും കുര്യന്‍ മറന്നില്ല. കുര്യന്റെ വിമര്‍ശനത്തിന് അതേ വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി. നല്‍കിയിരുന്നു. കുടുംബ സംഗമത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇല്ലെങ്കിലും തെരുവിലെ സമരങ്ങളില്‍ ആളുണ്ടെന്ന് രാഹുല്‍ പറഞ്ഞു.