കോട്ടയം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി നേതാക്കള്‍ക്കിടയില്‍ അതൃപ്തി പ്രകടമായി. അബിന്‍ വര്‍ക്കിയെ പിന്തുണച്ച് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയതോടെ തര്‍ക്കം കൂടുതല്‍ വഷളായി. അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയെ പരിഗണിക്കാമായിരുന്നുവെന്നു. അബിന്‍ അര്‍ഹത ഉള്ള വ്യക്തിയാണെന്നും, അബിന്റെ വേദന സ്വാഭാവികമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അബിന്റെ അഭിപ്രായം പരിഗണിച്ചു വേണമായിരുന്നു തീരുമാനം എടുക്കാനെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു നേതാവാണ് അബിന്‍ വര്‍ക്കി. നടപടിയില്‍ അദ്ദേഹത്തിന് വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അത് അംഗീകരിക്കും. കൂടുതല്‍ പരിഗണിക്കപ്പെടേണ്ടയാളാണ് അബിനെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
എന്താണ് തീരുമാനത്തിന് കാരണം എന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഇപ്പോള്‍ ഒന്നും പറയാന്‍ ഇല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്ന് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. തന്നോടും സമാനമായ പെരുമാറ്റം ഉണ്ടായി. പിതാവിന്റെ ഓര്‍മ ദിവസം തന്നെ പുറത്താക്കി. ദേശീയ ഔട്ട് റീച്ച് സെല്‍ ചുമതലയില്‍ നിന്ന് നീക്കിയത് തന്നെ അറിയിക്കാതെയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ദേശീയ ഔട്ട് റീച്ച് സെല്‍ ചുമതലയില്‍ നിന്ന് നീക്കിയത് മാനസികമായി വളരെ വിഷമം ഉണ്ടാക്കി. ഒരു ചോദ്യം പോലും തന്നോട് ചോദിച്ചിട്ടില്ല. തന്നോട് പറഞ്ഞിരുന്നെങ്കില്‍ രാജിവച്ച് ഒഴിഞ്ഞേനെ. അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. തന്നെ പുറത്താക്കിയത് ആരാണെന്നും എന്താണ് കാരണമെന്നും എല്ലാവര്‍ക്കും അറിയാം. അതാരാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ഒരു ദിവസം ഞാന്‍ പറയുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.