തൃശൂര്‍: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ വിധി നിര്‍ണയിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. റീജിയണല്‍ തിയേറ്ററില്‍ നടന്ന ഇ.എം.എസ് സ്മൃതിയില്‍ ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയും, രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ പരിമിതികളും, അഭിപ്രായവ്യത്യാസങ്ങളും മറന്ന് ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും വിട്ടുവീഴ്ചകള്‍ക്കും, നീക്കുപോക്കുകള്‍ക്കും തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ രക്ഷിക്കാന്‍ പ്രതിപക്ഷ ഐക്യനിര വേണം. ഇതൊരു ചരിത്രദൗത്യമായി ഏറ്റെടുക്കണം. പ്രതിപക്ഷ മുക്ത ഇന്ത്യയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയെ തുരത്താനുള്ള യത്‌നത്തില്‍ ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായി പ്രവര്‍ത്തിക്കണം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ ബി.ജെ.പി നേതൃത്വം നല്‍കിയ എന്‍.ഡി.എയ്ക്ക് 37 ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. അതായത് ജനപിന്തുണ 25 ശതമാനം മാത്രമാണെന്നും എം.വി.ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുകയും, 2025-ല്‍ ആര്‍.എസ്.എസ് നൂറാം വാര്‍ഷികവും ആഘോഷിക്കുകയും ചെയ്താൽ ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ബ്രിട്ടീഷുകാരെപ്പോലെ വിഭജനമാണ് ഐക്യമല്ല ബി.ജെ.പിയുടെ അജണ്ട. പരസ്പരം ഏറ്റുമുട്ടുക എന്ന അജണ്ടയിലേക്ക് ജനങ്ങളെ നയിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ലോക്്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കൂടുതല്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷേമരാഷ്ട്രസങ്കല്‍പം ഇല്ലാതാക്കിയ ബി.ജെ.പി ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുകയാണെന്ന് മുഖ്യാതിഥിയായ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 60 ശതമാനം വോട്ട് പങ്കിട്ടെടുത്ത ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിയാത്തതിന്റെ തിക്തഫലമായാണ് അന്ന് 37 ശതമാനം വോട്ട് മാത്രം നേടിയ ബി.ജെ.പി അധികാരത്തിലേറിയതെന്നും കാനം ചൂണ്ടിക്കാട്ടി.
ബി.ജെ.പിയെ അധികാരത്തിലെത്തിക്കാതിരിക്കാന്‍ വിശാല ജനാധിപത്യസഖ്യം രൂപീകരിക്കണം. മാറ്റത്തിനും, രാജ്യത്തിനും ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മതിരപേക്ഷതയെ അട്ടിമറിച്ച് കുറുക്കുവഴിയിലൂടെയാണ് ബി.ജെ.പി വീണ്ടും അധികാരത്തിലേറിയതെന്നും അദ്ദേഹം പറഞ്ഞു. എ.സി.മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡേവിസ് മാസ്റ്റര്‍, എം.എം.വര്‍ഗീസ്, എന്‍.ആര്‍.ബാലന്‍, കെ.കെ.വത്സരാജ് എന്നിവരും സംബന്ധിച്ചു.