തൃശൂര്‍: നാട്ടിക ജെ.കെ. തിയേറ്ററിന് സമീപം തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പടെ അഞ്ച് പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (നാല്), വിശ്വ (1) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ 11 പേരില്‍ ഏഴ് പേരുടെ നില ഗുരുതരം. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പുലര്‍ച്ചെ നാലിനാണ് അപകടം സംഭവിച്ചത്. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ചു പേരും മരിച്ചു.
ലോറി ഓടിച്ചിരുന്നത് ലൈസന്‍സില്ലാത്ത ക്ലീനറായിരുന്നു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഡൈവേര്‍ഷന്‍ ബോര്‍ഡ് ഡ്രൈവര്‍ കാണാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി?ഗമനം.
സംഭവത്തില്‍ കണ്ണൂര്‍ ആലങ്കോട് സ്വദേശികളായ ഡ്രൈവര്‍ ചാമക്കാലച്ചിറ ജോസ് (54), ക്ലീനര്‍ ഏഴിയക്കുന്നില്‍ അലക്‌സ് (33) എന്നിവരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ ലോറിയുമായി കടന്നുകളയാന്‍ ക്ലീനര്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു.