Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പകുതി വിലയില്‍ സ്കൂട്ടറും, തയ്യല്‍ മെഷീനും, ആയിരം കോടിയുടെ തട്ടിപ്പില്‍ അനന്തുകൃഷ്ണന്‍ ഉള്‍പ്പെടെ 7 പ്രതികള്‍

കണ്ണൂര്‍: കേരളത്തില്‍ നടന്ന ഏറ്റവും വലിയ എന്‍.ജി.ഒ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഏഴാം പ്രതി. പകുതി വിലയ്ക്ക് സ്കൂട്ടറും, തയ്യല്‍ മെഷീനും നല്‍കാമെന്ന് പറഞ്ഞ് ആയിരം കോടിയുടെ തട്ടിപ്പാണ് നടത്തിയത്. കേരളത്തിലുടനീളം തട്ടിപ്പ് നടത്തി. കേസില്‍ അനന്തുകൃഷ്ണന്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുണ്ട്. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. കണ്ണൂരില്‍ മാത്രം ഏഴുന്നൂറോളം സ്ത്രീകള്‍ പരാതി നല്‍കി. കോഴിക്കോട് ജില്ലയിലും ആയിരത്തിലധികം സ്ത്രീകള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ മാത്രം 98 സ്ത്രീകള്‍ പരാതി നല്‍കി.
താന്‍ നിരപരാധിയെന്നും തന്റെ പേര് തട്ടിപ്പ് കേസില്‍ വലിച്ചിഴച്ചാല്‍ മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് ലാലി വിന്‍സെന്റ് അറിയിച്ചു.

സ്ത്രീകള്‍ക്ക് ഇരുചക്രവാഹനം പകുതിവിലയ്ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ്  കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. സി.എസ്.ആര്‍ ഫണ്ടിന്റെ മറവില്‍ അനന്തുകൃഷ്ണന്‍ നടത്തിയ വന്‍കിട തട്ടിപ്പുകളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘമാണ് തട്ടിപ്പ് അന്വേഷിക്കുക. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. അനന്തു കൃഷ്ണനെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റുന്നത്.

പൊലീസ് ആസ്ഥാനത്ത് ലഭിച്ച ആറ് പരാതികളില്‍ അടക്കം അനന്തു കൃഷ്ണനെതിരെ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും. സംസ്ഥാനത്താകെ 350 കോടിയുടെ തട്ടിപ്പ് അനന്തുകൃഷ്ണന്‍ നടത്തിയെന്നാണ് പ്രാഥമിക വിവരം.

നാഷണല്‍ എന്‍.ജി.ഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സി.എസ്.ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്.  അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ ബാക്കി പകുതി തുക കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സി.എസ്.ആര്‍ ഫണ്ടായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked *