ചാലക്കുടി: വിദ്യാര്‍ത്ഥിയായ പത്തുവയസ്സുകാരനെ ഒരു വര്‍ഷത്തോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി മാള പുത്തന്‍ചിറ അറയ്ക്കല്‍ വീട്ടില്‍ ഹൈദ്രോസിന് (64) ശിക്ഷയായി 95 വര്‍ഷം കഠിനതടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും. ചാലക്കുടി പോക്‌സോ കോടതിയാണ് അത്യപൂര്‍വമായ ശിക്ഷ വിധിച്ചത്. പിഴത്തുകയായ നാലേകാല്‍ ലക്ഷം രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
മാള, പുത്തന്‍ചിറ പ്രദേശത്ത് പക്ഷികളെ പിടികൂടി വില്‍പന നടത്തുന്നയാളാണ് ഹൈദ്രോസ്. ഇയാളില്‍ നിന്ന് പക്ഷിയെ വാങ്ങാന്‍ എത്തിയ പത്തുവയസ്സുകാരനെയാണ് ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. 2018ലായിരുന്നു പീഡനം. ക്രൂരമായ പീഡനം സഹിക്കാനാകാതെ വന്നതോടെ വിവരം പത്തുവയസ്സുകാരന്‍ കൂട്ടുകാരെ അറിയിച്ചു. ഇക്കാര്യം തിരക്കിയ കൂട്ടുകാരെയും പ്രതി ഭീഷണിപ്പെടുത്തി. ഇതോടെ പീഡനവിവരം കൂട്ടുകാര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാരാണ് മാള പോലീസില്‍ പരാതി നല്‍കിയത്.
മാള സി.ഐ.സജിന്‍ശശിയാണ് പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ബാബുരാജാണ് പ്രോസിക്യൂഷനായി ഹാജരായത്.