Newsskerala

കോട്ടയം ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടിയത്് തൃശൂരില്‍ നിന്ന്്്

തൃശൂര്‍: കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് തൃശൂരില്‍ പിടിയില്‍. മാള മേലഡൂരില്‍ നിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്.
മൂന്ന് എസ്എച്ച്ഒമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിക്കായി തെരച്ചില്‍ നടത്തിയിരുന്നത്. ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം മാള പോലീസിന്റെ കൂടി സഹായത്തോടെയാണ് ഇന്ന്്് വെളുപ്പിന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഇയാള്‍ മാളയില്‍ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമില്‍ അസം തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്.

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പക്കല്‍ പത്തോളം മൊബൈല്‍ ഫോണുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്.

കൊലയ്ക്കുശേഷം വിജയകുമാറിന്റെയും ഭാര്യയുടേയും ഫോണ്‍ പ്രതി മോഷ്ടിച്ചിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഓണ്‍ ആയിരുന്നു. ഇതിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയില്‍ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജില്‍ നിന്ന് റൂം ഒഴിഞ്ഞു. വൈകിട്ട് കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താന്‍ പോയത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര വിജയകുമാര്‍ (60) എന്നിവരാണ് വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. 2017 ജൂണില്‍ കോട്ടയം തെള്ളകത്ത് റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ മാതാപിതാക്കളാണ് ഇവര്‍. ഈ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.
ഇന്നലെ രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേള്‍വിപരിമിതിയുള്ള തോട്ടക്കാരന്‍ ബോണ്ട് രാജ് ഔട്ട്ഹൗസില്‍ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്ന് കരുതുന്നു.
മൃതദേഹങ്ങള്‍ രണ്ടുമുറികളിലായിരുന്നു. കോടാലികൊണ്ട് തലയ്ക്കടിച്ചശേഷം തലയണകൊണ്ട് മുഖം അമര്‍ത്തി മരണം ഉറപ്പാക്കിയെന്നാണ് കരുതുന്നത്.

Photo: X

Leave a Comment

Your email address will not be published. Required fields are marked *