കൊച്ചി: ഗുജറാത്തിലെ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. രാഹുലിന് 2 വര്‍ഷം തടവ് ശിക്ഷ. സൂറത്ത് സി.ജെ.എം കോടതിയാണ് ശിക്ഷ വിധിച്ചത്. മോദി സമുദായത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശിച്ചെന്ന മാനനഷ്ടക്കേസിലായിരുന്നു വിധി. ദില്ലിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും വിധി കേള്‍ക്കാന്‍ സൂറത്തിലെത്തിയിരുന്നു. കോടതിയില്‍ നിന്ന് തന്നെ രാഹുല്‍ ഗാന്ധി ജാമ്യം നേടി. വിധിക്കെതിരെ അപ്പീല്‍ നല്‍കും.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ വച്ച് നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളന്‍മാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണെന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ ചോദിച്ചത്. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തില്‍ നിന്നുള്ള മുന്‍ മന്ത്രിയും എം.എല്‍.എയുമായ പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്.
രാഹുല്‍ ഗാന്ധിക്കെതിരായി നടത്തുന്നത് ബോധപൂര്‍വമുള്ള വേട്ടയെന്ന് ഗുജറാത്ത് പിസിസി പ്രസിഡന്റ് ജഗദീഷ് ഠാക്കൂര്‍ ആരോപിച്ചു. രാഹുലിന് പിന്തുണ അറിയിച്ച് ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സൂറത്തിലെത്തിയിരുന്നു.
രണ്ട് വർഷം വരെ തടവുശിക്ഷ ലഭിച്ചതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും തടസ്സം നേരിടുമെന്ന് നിയമ വിദഗ്ധർ. എന്നാൽ അപ്പീൽ നൽകി ശിക്ഷാവിധിയ്ക്കും തടവിനും സ്റ്റേ ലഭിച്ചാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസ്സം ഉണ്ടാകില്ല. സ്റ്റേ ലഭിച്ചില്ലെങ്കിൽ വയനാട് എംപി സ്ഥാനം വരെ നഷ്ടമാകുന്ന സാഹചര്യമാകും രാഹുലിന് ഉണ്ടാക്കുക.
2019ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കർണാടകയിലെ കോളാറിൽ പ്രസംഗിക്കവേ ‘ നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി….എല്ലാ കള്ളന്മാരുടെയും പേരിൽ ‘മോദി ‘ എങ്ങനെ വന്നു പ്രസംഗമാണ് രാഹുൽ ഗാന്ധിക്ക് കുരുക്കായത്.
ഗുജറാത്തിലെ സൂറത്തിലുള്ള ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി എച്ച്. എച്ച് വർമ്മയാണ് ഇന്ന് രാവിലെ ശിക്ഷ വിധിച്ചത്. മോദി സമുദായത്തെ ആകെ അപമാനിച്ചു എന്ന പരാതിയുമായി കോടതിയെ സമീപിച്ചത് മുൻ ഗുജറാത്ത് മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ പൂർണേഷ് മോദിയാണ്. താൻ പ്രസംഗത്തിൽ ഉദ്ദേശിച്ചത് ആരെയാണ് എന്ന് വ്യക്തമാണ് എന്നും ഒരു സമുദായത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ല എന്നുമായിരുന്നു കോടതിയിൽ രാഹുൽ ഗാന്ധിയുടെ എതിർവാദം.
അപ്പിൽ നൽകുന്നതിന് കോടതി രാഹുൽ ഗാന്ധിക്ക് 30 ദിവസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യ കാലയളവിൽ ശിക്ഷ നടപ്പാക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ക്രിമിനൽ കുറ്റങ്ങൾക്ക് രണ്ടുവർഷം വരെ ശിക്ഷ ലഭിച്ചാൽ അയോഗ്യത എന്നാണ് നിയമം. മാനനഷ്ട കേസ് ആ പരിധിയിൽ വരുമോ എന്നുള്ള കാര്യത്തിലും അവ്യക്തതയുണ്ട്.