Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പാഴ് വസ്തുക്കളാൽ ‘പൂങ്കാവന’മൊരുക്കി  വിജി വാണിയംകുളം

വിത്തും, ഇലകളും, അടയ്ക്കാതോടും   അലങ്കാര ഉത്പന്നങ്ങളാകും

തൃശൂര്‍:  കൊയ്‌തൊഴിഞ്ഞ പാടത്തെ ചിങ്ങടപ്പുല്ലില്‍ നിന്നും, തൊടികളില്‍ വീണുകിടക്കുന്ന പനയോലകളില്‍ നിന്നും, കവുങ്ങിന്‍ പാളകളില്‍ നിന്നും വരെ അലങ്കാരവസ്തുക്കളൊരുക്കുന്ന വേറിട്ടൊരു നിര്‍മ്മാണ രീതിയുമായി കലാകാരി വിജി വാണിയംകുളം.
വിജി നിര്‍മ്മിച്ച പാഴ് വസ്തുക്കളുടെ ‘പൂങ്കാവനം’ കാണാം. കാഴ്ചക്കാര്‍ക്ക് കൗതുകമായി
വഴിയരികില്‍ വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍  പൂക്കളായും, പൂക്കൂടകളായും, ഇലകളായും, വിവിധ തരത്തിലുള്ള അലങ്കാരവസ്തുക്കളായും വിജിയുടെ കരവിരുതില്‍ രൂപമെടുക്കുന്നു.
ബ്യൂട്ടി പാര്‍ലര്‍ ഉടമയായ വിജി 13 വര്‍ഷം മുന്‍പാണ് കരകൗശല ഉത്പന്നങ്ങളുടെ  നിര്‍മ്മാണ മേഖലയിലെത്തിയത്. വാഴനാരും, പാളകളും ഉപയോഗിച്ച് പൂക്കള്‍ നിര്‍മ്മിച്ചായിരുന്നു തുടക്കം. പിന്നീട് അടയ്ക്കയുടെ തോട്, കുറുന്തോട്ടി, ചിരട്ട, ചോളം, മഞ്ഞ സൂര്യാകാന്തിയുടെ വിത്ത്, മുള, വാഴയില തുടങ്ങിയ പ്രകൃതിയില്‍ നിന്ന് കിട്ടുന്ന ഉപയോഗശൂന്യമായതെല്ലാം വിജിയുടെ കൈയിലെത്തിയാല്‍ മനോഹരങ്ങളായ അലങ്കാരവസ്തുക്കളാകും.
വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ക്കും മറ്റും പ്രകൃതിദത്തമായ നിറങ്ങളാണ് ചേര്‍ക്കുക. മഞ്ഞളില്‍ നിന്നും, ബീറ്റ് റൂട്ടില്‍ നിന്നും മറ്റും നിറങ്ങള്‍ നിര്‍മ്മിച്ചെടുക്കും.
അലങ്കാരവസ്തുക്കളുടെ  നിര്‍മ്മാണം പരിശീലിപ്പിക്കാനും വിജി സമയം കണ്ടെത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് ഇതിലൂടെ നല്ലൊരു വരുമാനം കണ്ടെത്താനാകുമെന്ന് വിജി പറയുന്നു. കൂറ്റനാട് വരിക്കാശ്ശേരി മനയ്ക്കടുത്ത് വാണിയംകുളത്താണ് വിജിയുടെ വീട്. ഒലീഗ ക്രാഫ്റ്റ് വേള്‍ഡ് എന്ന സ്ഥാപനത്തിലൂടെ പുതിയ തരത്തിലുള്ള അലങ്കാരവസ്തുക്കള്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് വിജി. ഉപയോഗം കഴിഞ്ഞ തുണികള്‍ക്കൊണ്ട് പൂക്കളും മറ്റും നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയതായും വിജി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *