Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സംപ്രേഷണം വിലക്കിയ കേന്ദ്രനടപടി സുപ്രീംകോടതി റദ്ദാക്കി;  മീഡിയവണ്‍  ചാനലിന് തുടരാം

കൊച്ചി: മീഡിയവണിന് നീതി കിട്ടി. സംപ്രേഷണം  വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ  പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ല. മീഡിയവണിന്റെ  ലൈസന്‍സ് നാലാഴ്ചയ്ക്കകം പുതുക്കിനല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരായ വാര്‍ത്തകളുടെ പേരില്‍ മീഡിയവണ്‍ രാജ്യവിരുദ്ധമാണ് എന്ന് പറയാന്‍ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങള്‍ എപ്പോഴും സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങള്‍ അനിവാര്യമാണ്. കടുത്ത യാഥാര്‍ഥ്യങ്ങളെക്കുറിച്ചും പൗരന്‍മാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

രാജ്യസുരക്ഷാ പ്രശ്‌നം അടിസ്ഥാനരഹിതമായി ഉന്നയിക്കാവുന്നതല്ല. അതിന് മതിയായ തെളിവുകളുടെ പിന്‍ബലം വേണം. മീഡിയവണിന്റെ രാജ്യവിരുദ്ധതയുടെ തെളിവിന് കേന്ദ്ര സര്‍ക്കാര്‍ അവലംബിക്കുന്നത്, സി.എ.എ – എന്‍.ആര്‍.സി വാര്‍ത്തകളും, കോടതി- സര്‍ക്കാര്‍ വിമര്‍ശനങ്ങളുമാണ്. ഇത് ന്യായമായ വാദമല്ലെന്ന് കോടതി നിരീക്ഷിച്ചു.

മുദ്രവച്ച കവറില്‍ കോടതിയോട് മാത്രം വിവരങ്ങള്‍ പറയുകയും വിലക്കിന്റെ കാരണം മീഡിയവണില്‍ നിന്ന് മറച്ചുവക്കുകയും ചെയ്യുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. മുദ്രവച്ച കവര്‍ നീതിപൂര്‍വമായ നിയമ വ്യവഹാരത്തിന് വിഘാതം സൃഷ്ടിച്ച് പരാതിക്കാരെ ഇരുട്ടില്‍ നിര്‍ത്തുന്നുണ്ടെന്നും വിധിന്യായത്തില്‍ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *