തൃശൂർ: വടക്കുംനാഥന്റെ തിരുമുറ്റത്ത് നിന്ന് കേരളത്തിലെ വിവിധ അനുഷ്ഠാനകലകളും കലാരൂപങ്ങളും അണിനിരന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമ ഘോഷയാത്ര ശ്രദ്ധേയമായി.
5000 ത്തോളം കുടുംബശ്രീ വനിതകൾ കേരള വസ്ത്രം അണിഞ്ഞ് വാദ്യമേളത്തിന് താളം പിടിച്ച് ഘോഷയാത്രയിൽ അണിനിരന്നു .
തെയ്യം, തിറ, കാളകളി തുടങ്ങിയ വിവിധ അനുഷ്ഠാന കലാരൂപങ്ങളും, മോഹിനിയാട്ടം, കഥകളി, കൊയ്ത്തുപാട്ട്, കൈകൊട്ടി കളി, മാർഗ്ഗം കളി, ഒപ്പന, തുടങ്ങിയ കലാരൂപങ്ങളുടെ വേഷവിധാനത്തിൽ ഓരോ ബ്ലോക്കുകളിൽ നിന്നുമുള്ള നിരവധി കുടുംബശ്രീ പ്രവർത്തകർ മത്സരാവേശത്തിൽ ഘോഷയാത്രയിൽ പങ്കെടുത്തു. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ മുത്തുക്കുട ചൂടി പാട്ട് പാടിയും ചുവട് വെച്ചും കുടുംബശ്രീ വനിതകൾ ഒത്തുചേരുന്ന കാഴ്ച കണ്ണുകൾക്കും മനസ്സിനും ഏറെ കൗതുകം ഉണർത്തി. നമ്മുടെ കൊച്ചു കേരളത്തെ മാലിന്യമുക്തമാക്കാൻ മുൻപിൽ നിൽക്കുന്ന ഹരിത കർമ്മ സേന പ്രവർത്തകരും ഘോഷയാത്രയിൽ വേറിട്ടുനിന്നു. സ്വയം മറന്ന് ആടാനും പാടാനും തന്റെ കഴിവുകളെ സമൂഹത്തിനു മുൻപിൽ കൊണ്ടുവരാനും കുടുംബശ്രീയുടെ അരങ്ങ് 2023ലൂടെ സാധിക്കും.
വൈകീട്ട് നാലരയോടെ നടുവിലാലിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് റൂറൽ എസ്. പി ഐശ്വര്യ ഡോങ്റെ നിർവഹിച്ചു.അഞ്ചരയോടെ ഘോഷയാത്ര ഇൻഡോർ സ്റ്റേഡിയത്തിലെത്തി.