കൊച്ചി: മുന്‍നിര ടയര്‍ നിര്‍മാണ കമ്പനിയായ എംആര്‍എഫിന്റെ ഓഹരി വില ഒരു ലക്ഷം രൂപ കടന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരു കമ്പനിയുടെ ഓഹരി വില ഒരു ലക്ഷം രൂപ കടക്കുന്നത്. ചൊവ്വാഴ്ച വ്യാപാരത്തിനിടെ എംആര്‍എഫ് ഓഹരികള്‍ ഏക്കാലത്തെയും ഉയര്‍ന്ന വിലയായ 1,00,439 രൂപയിലെത്തി. നേരത്തെ ഫ്യൂച്ചേഴ്സ് വിഭാഗത്തില്‍, മെയ് മാസത്തില്‍ ഓഹരി വില ഒരു ലക്ഷം രൂപയില്‍ എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം എംആര്‍എഫ് ഓഹരികള്‍ 45 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. 2020 മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ വിലയായ 55,000 രൂപയില്‍ നിന്ന് 81 ശതമാനം നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. 2022 ഡിസംബറില്‍ ഓഹരി വില 94,500 രൂപയായി ഉയര്‍ന്നെങ്കിലും ആ നില നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇന്ത്യയിലെ, ഏറ്റവും ഉയര്‍ന്ന വിലയുള്ള ഓഹരികളുടെ പട്ടികയില്‍ എംആര്‍എഫ് ഒന്നാമതാണ്. 41,152 രൂപയ്ക്ക് ഇന്ന് ഓഹരികള്‍ വില്‍ക്കുന്ന ഹണിവെല്‍ ഓട്ടോമേഷനാണ് പട്ടികയില്‍ രണ്ടാമത്. പേജ് ഇന്‍ഡസ്ട്രീസ്, ശ്രീ സിമന്റ്, 3 എം ഇന്ത്യ, അബോട്ട് ഇന്ത്യ, നെസ്ലെ, ബോഷ് തുടങ്ങിയ കമ്പനികളാണ് തൊട്ടുപിന്നില്‍.