തൃശൂര്‍: ചിങ്ങവെയില്‍ ചായുമ്പോഴേക്കും നഗരത്തിന്റെ വിവിധ ദേശങ്ങളിലെ പുലിമടകളില്‍ നിന്ന് പുലിക്കൂട്ടങ്ങളിറങ്ങി. സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള റോഡുകളിലൂടെ പുലിക്കൂട്ടങ്ങളുടെ പ്രൗഢസംഭീരമായ വരവിനായി ജനസാഗരം കാത്തുനിന്നു.
അഞ്ചരമണിയോടെ പുലിമേളത്തിനൊപ്പം നൃത്തച്ചുവടുവെച്ച് വിയ്യൂര്‍ ദേശത്തിന്റെ പുലിസംഘമാണ് ആദ്യം സ്വരാജ് റൗണ്ടില്‍ പ്രവേശിച്ചത്. ബിനി ടൂറിസ്റ്റ് ഹോമിന് സമീപം മന്ത്രി കെ.രാജന്‍ ഫ്്‌ളാഗ് ഓഫ് ചെയ്തു.
പിന്നാലെ ശക്തൻ പുലിസംഘം നടുവിലാലിന് മുന്നിലെത്തി നൃത്തമാടി. തുടര്‍ന്ന് സീതാറാം മിൽ ദേശം സംഘവും കാനാട്ടുകരയും റൗണ്ടിലെത്തി. ഏഴ് മണിയോടെ അഞ്ച് സംഘങ്ങളും സ്വരാജ് റൗണ്ടിലെത്തിയതോടെ പൂരനഗരം വര്‍ണാഭമായി. അയ്യന്തോള്‍ ദേശമാണ് അവസാനമായി റൗണ്ടില്‍ എത്തിയത്.
കരിമ്പുലികളും, പച്ചനിറത്തിലുള്ള ഫ്‌ളൂറസെന്റ് പുലികളും, വെള്ളപ്പുലികളും, പുളളിപ്പുലികളും, കുട്ടിപ്പുലികളും കാഴ്ചക്കാരുടെ മനം കവര്‍ന്നു. സീതാറം മില്‍ ദേശത്തിനായാണ് രണ്ട് പെണ്‍പുലികള്‍ വേഷമണിഞ്ഞത്. ചാലക്കുടി സ്വദേശിനിയായ ചലച്ചിത്ര, സീരിയല്‍ താരം നിമിഷ ബിജോയും, തളിക്കുളം സ്വദേശിനി താരയുമാണ് പെണ്‍കരുത്തിന്റെ പ്രതീകമായി പുലിവേഷമിട്ടത്.
പാദരക്ഷയിട്ട പുലികളും ഇക്കുറി പുതുമയായി. സീതാറാം മില്‍ ദേശത്തിന്റെ പുലികളാണ് പുലിവേഷത്തോട് ചേര്‍ന്ന നിറത്തിലുള്ള പാദരക്ഷകളുമായി ചുവടുവെച്ചത്.
അഞ്ച് ദേശങ്ങളില്‍ നിന്നായി ഇരുന്നൂറ്റിയമ്പതോളം പുലികള്‍ നഗരവീഥിയില്‍ നിറഞ്ഞാടി. സംസ്ഥാന ടൂറിസം വകുപ്പും ഡി.ടി.പി.സിയും തൃശൂര്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമാണ് നാലോണ നാളിലെ പുലിക്കളി മഹോത്സവം.
മികച്ച പുലിക്കളി ടീം
- അയ്യന്തോൾ – 62500 രൂപയും ട്രോഫിയും
- കാനാട്ടുകര – 50000 രൂപയും ട്രോഫിയും
- സീതാറാം മിൽ പൂങ്കുന്നം – 43750 രൂപയും ട്രോഫിയും
ചമയപ്രദർശനം
1)വിയ്യൂർ 2) സീതാറാം മിൽ ദേശം 3) ശക്തൻ 4) അയ്യന്തോൾ 5) കാനാട്ടുകര
പുലിക്കൊട്ട്- അയ്യന്തോൾ
പുലിവേഷം-സീതാറാം മിൽ പൂങ്കുന്നം
അച്ചടക്കം- അയ്യന്തോൾ
മികച്ച ഹരിത വണ്ടി
- അയ്യന്തോൾ
- സീതാറാം മിൽ പൂങ്കുന്നം
- കാനാട്ടുകര
പുലിവണ്ടി
- അയ്യന്തോൾ
- സീതാറാം മിൽ പൂങ്കുന്നം
- കാനാട്ടുകര
ടാബ്ലോ
1) അയ്യന്തോൾ 40, 000 രൂപയും ട്രോഫിയും 2) കാ നാട്ടുകര 35,000 രൂപയുo ട്രോഫിയും 3) സീതാറാം മിൽ ദേശം 30,000 രൂപയും ട്രോഫിയും