തൃശൂര്‍: സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രതലത്തില്‍ ആസൂത്രിത ഗൂഢാലോചന നടക്കുന്നതായി കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എം.കെ.കണ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സഹകരണസ്ഥാപനങ്ങളെ നിരീക്ഷിക്കുന്ന എന്‍ഫോഴ്സ് ഡയറക്ടറേറ്റ്
നിധി കമ്പനിപോലെയുള്ള സാമ്പത്തിക ഇടപാടു കേന്ദ്രങ്ങളെയും, മള്‍ട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളെയും പരോക്ഷമായി സഹായിക്കുകയാണ്. നേരത്തെ തന്നെ സതീഷ്കുമാറിനെ അറിയാമെന്നും യാതൊരു സാമ്പത്തിക ഇടപാടും സതീശനുമായി ഇല്ലെന്നും കണ്ണന് പറഞ്ഞു.
ഇ.ഡി. ഉദ്യോഗസ്ഥര്‍ തന്നോട് ചോദ്യങ്ങളൊന്നും ചോദിച്ചില്ലെന്നും, അവരുടെ ചില സംശയങ്ങള്‍ക്ക് താന്‍ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡി.ഉദ്യോഗസ്ഥരും അനില്‍ അക്കരയും ബി.ജെ.പിയും ചേര്‍ന്ന് നടത്തുന്ന നാടകമാണിത്. ഇ.ഡി അന്വേഷണവിവരങ്ങള്‍ ചോരുന്നതായും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതായും, ഇത് ഗൂഢാലോചനയുടെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍വീസ് സഹകരണബാങ്കില്‍ യാതൊരു വിധ കള്ളപ്പണ ഇടപാടും നടന്നിട്ടില്ല. നിക്ഷേപകരുടെ വിവരങ്ങള്‍ അടക്കം ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും, യാതൊരു ക്രമക്കേടും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.