തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പദയാത്രയ്ക്കെതിരെ പോലീസ് കേസെടുത്തു. സുരേഷ് ഗോപി ഉൾപ്പെടെ 500 ഓളം പേർക്കെതിരെയാണ് കേസ്. ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തത്.
കരുവന്നൂർ ഇരകൾക്ക് നീതി തേടി സഹകാരി സംരക്ഷണ പദയാത്ര നടത്തിയതിനെതിരെ സുരേഷ് ഗോപിയെ പ്രതിയാക്കി കേസ് എടുത്ത നടപടി രാഷ്ടീയ പകപോക്കലാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. സുരേഷ് ഗോപി ബാങ്ക് കൊളളക്കാർക്കെതിരെ ശക്തമായ നിലപാടെടുത്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. തട്ടിപ്പിനിരയായ പാവപ്പെട്ട സഹകാരികൾക്ക് വേണ്ടി ഇനിയാരും രംഗത്ത് വരാതിരിക്കാനുള്ള ഭയപ്പെടുത്തലാണ് കേസിന് പിന്നിൽ. സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തീർത്തും സമാധാനപരമായി നടന്നൊരു പദയാത്രയ്ക്കെതിരെ കേസ് എടുക്കുന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയിട്ടും രാജ്യത്തൊരിടത്തും ഒരു പോലീസും കേസ് എടുത്തിട്ടില്ല.സിപിഎം പാർട്ടി സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടികൾ മൂലം വലിയ ഗതാഗത തടസ്സമുണ്ടായിട്ടും ഒരു കേസും ഉണ്ടായിട്ടില്ല. പോലീസിൻ്റെ ഏകപക്ഷീയവും പക്ഷപാതപരവുമായ നടപടിയെ രാഷ്ട്രീയമായി നേരിടും. സുരേഷ് ഗോപിയും അദ്ദേഹത്തോടൊപ്പം പദയാത്രയിൽ പങ്കെടുത്ത ആയിരങ്ങളും കരുവന്നൂർ ഇരകൾക്ക് വേണ്ടി പോലീസ് അറസ്റ്റ് ചെയ്താൽ ജയിലിൽ പോകാൻ തയ്യാറാണ്. എന്തൊക്കെ പ്രതികാര നടപടികൾ സ്വീകരിച്ചാലും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ബാങ്ക് കൊള്ളക്കാരെ അഴിക്കുള്ളിലാക്കി സഹകാരികൾക്ക് പണം തിരിച്ച് കിട്ടുന്നത് വരെ സമരം തുടരുമെന്ന് അനീഷ്കുമാർ പറഞ്ഞു.