മൂന്നിടത്ത് ബി.ജെ.പി, തെലങ്കാനയില്‍ മാത്രം കോണ്‍ഗ്രസ് മുന്നില്‍
മോദി പ്രഭാവത്തില്‍ തിളക്കമറ്റ് ത്രിവര്‍ണം
സെമിയിൽ ബിജെപിക്ക് ഉജ്ജ്വലജയം; ഹിന്ദി ഹൃദയ ഭൂമിയിൽ കരുത്ത് തെളിയിച്ചു
തെലങ്കാനയിൽ കോൺഗ്രസിന് അട്ടിമറി ജയം
ജാതി സെൻസസ് പ്രചാരണം കോൺഗ്രസിന് ഉത്തരേന്ത്യയിൽ വലിയ തിരിച്ചടിക്ക് വഴിവെച്ചു ….
കൊച്ചി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കേ ഹിന്ദി മേഖലയില്‍ ബി.ജെ.പിയുടെ തേരോട്ടം. മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും, രാജസ്ഥാനിലും കോണ്‍ഗ്രസിന് വന്‍തിരിച്ചടി. . മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബി.ജെ.പി വന്‍ കുതിപ്പിലാണ്. അധികാരത്തിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും കോണ്‍ഗ്രസിന് നഷ്ടമാകും. തെലങ്കാനയിലെ കുതിപ്പ് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുള്ളത്. മധ്യപ്രദേശില്‍ അധികാരത്തുടര്‍ച്ച ഉറപ്പിച്ച ബിജെപി രാജസ്ഥാനിലും ഛത്തീസ്ഗഢിലും കേവല ഭൂരിപക്ഷത്തിലേക്കെത്തിയിട്ടുണ്ട്.
230 സീറ്റുകളുള്ള മധ്യപ്രദേശില്‍ 116 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെങ്കില്‍ ബി.ജെ.പി ഇതിനോടകം 150 സീറ്റുകളില്‍ മുന്നിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 69 സീറ്റുകളിലെ കോണ്‍ഗ്രസിന് ലീഡുള്ളൂ.
199 സീറ്റുകളിലേക്ക് മത്സരം നടന്ന രാജസ്ഥാനില്‍ ബി.ജെ.പി 100 സീറ്റിന് മുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 74 സീറ്റുകളിലും. ബി.എസ്.പിയും ഭാരത് ആദിവാസി പാര്‍ട്ടിയും മൂന്നിടങ്ങളില്‍ വീതവും സി.പി.എം ഒരിടത്തും ലീഡ് ചെയ്യുന്നു. എട്ടിടത്ത് സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്.
ഛത്തീസ്ഗഢില്‍ എക്സിറ്റ്പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തി ബി.ജെ.പിയുടെ മുന്നേറ്റമാണ് കാണിക്കുന്നത്. 90 സീറ്റുകളുള്ള സംസ്ഥാനത്ത് ബി.ജെ.പി കേവലഭൂരിപക്ഷം തികയ്ക്കാനായിട്ടില്ല. 46 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബി.ജെ.പിക്ക് തൊട്ടുപിന്നില്‍ 40 സീറ്റുമായി കോണ്‍ഗ്രസുമുണ്ട്.
തെലങ്കാനയില്‍ എക്സിറ്റ്പോള്‍ പ്രവചനം പോലെ ഒരു അട്ടിമറി ഉറപ്പിച്ച നിലയിലാണ് ഫലസൂചനകള്‍. 119 സീറ്റുകളുള്ള തെലങ്കാനയില്‍ കോണ്‍ഗ്രസ് 58 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബി.ആര്.എസിന് 33 സീറ്റുകളിലേ ലീഡുള്ളൂ. ഏഴിടത്ത് ബി.ജെ.പി ലീഡ് ചെയ്യുന്നുണ്ട്. ഒരിടത്ത് സി.പി.ഐയും.
തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിച്ച സി.പി.ഐക്ക് വന്‍ ലീഡ്. കൊതഗുഡേം മണ്ഡലത്തിലെ ആകെയുള്ള 19 റൗണ്ടുകളില്‍ ആദ്യ രണ്ട് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ആറായിരത്തിലേറെ വോട്ടിനാണ് സി.പി.ഐ സ്ഥാനാര്‍ത്ഥി കെ സാംബശിവ റാവു മുന്നിലുള്ളത്. 10493 വോട്ടാണ് ഇദ്ദേഹത്തിന് ഇതുവരെ ലഭിച്ചത്.
ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ത്ഥി ജെ വെങ്കട് റാവുവാണ് തൊട്ടുപിന്നില്‍. ഇദ്ദേഹത്തിന് 4100 വോട്ടാണ് ഇതുവരെ കിട്ടിയത്. ഒറ്റയ്ക്ക് മത്സരിച്ച സി.പി.എമ്മിന് ഒരു സീറ്റിലും മുന്നിലെത്താനായില്ല. രണ്ട് സീറ്റ് വേണമെന്ന ആവശ്യം കോണ്‍ഗ്രസ് നിഷേധിക്കുകയും ഒരു സീറ്റ് വാഗ്ദാനം ചെയ്തതോടെയുമാണ് സിപിഎം ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സി.പി.ഐ കിട്ടിയ ഒരു സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.