തൃശൂര്‍: തൃശൂര്‍ പൂരം നടത്തേണ്ടത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ ഉത്തരവാദത്വമാണെന്ന് ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം.കെ.സുദര്‍ശന്‍ അറിയിച്ചു. പൂരത്തിന്റെ ശോഭ കെടുത്തുന്ന ഒരു പ്രവര്‍ത്തനവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. കൊച്ചിന്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ തൃശൂര്‍ പൂരം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന മട്ടില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
പൂരം എക്‌സിബിഷന്റെ തറവാടക വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത് ഹൈക്കോടതിയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശിച്ച പ്രകാരമുള്ള തറവാടകയാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടത്. വാടക നിശ്ചയിച്ചത് കോടതിയാണെന്നും അദ്ദേഹം പറഞ്ഞു.
പൂരം എക്‌സിബിഷിഷന്റെ തറവാടക സംബന്ധിച്ച തര്‍ക്കത്തില്‍ സമവായ ചര്‍ച്ചയ്ക്ക് ബോര്‍ഡ് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
പൂരം നടത്തിപ്പിന്റെയും എക്‌സിബിഷന്റെയും യഥാര്‍ത്ഥ കണക്ക് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ പുറത്തുവിടണം. എക്‌സിബിഷനില്‍ സ്റ്റാളുകളുടെ എണ്ണത്തിന്റെ കൃത്യമായ കണക്കും അറിയിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.