തൃശൂര്‍ : പൂരം പ്രദര്‍ശന നഗരിയുടെ തറവാടകയുടെ പേരില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തറക്കളി കളിക്കരുതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ.മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍.പ്രതാപന്‍ എം.പിയുടെയും ഡ.സി.സിപ്രസിഡന്റ് ജോസ് വള്ളൂരിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് കോര്‍പ്പറേഷനുമുന്‍പില്‍ നടത്തുന്ന രാപകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികളല്ലാത്തവര്‍ ദേവസ്വം ഭരിക്കരുതെന്ന മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ നിലപാട് ശരിയാണെന്ന് ഇതോടെ ബോധ്യപ്പെട്ടിരിക്കുകയാണ്. കൊച്ചിന്‍ ദേവസ്വത്തിന് തൃശൂര്‍ പൂരം നടത്തിപ്പില്‍ ഒരു റോളുമില്ലെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.. പ്രദര്‍ശന നഗരിയുടെ വാടക വാങ്ങുന്ന ജോലി മാത്രമാണ് ഉള്ളത്. കോടതിയുടെ പേരുപറഞ്ഞ് പൂരം പ്രദര്‍ശനത്തെയും പൂരത്തെയും തകര്‍ക്കാമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും പിന്നില്‍ കളിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും കരുതേണ്ട. ഏത് കോടതിവിധിയിലും തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ അവസരമുണ്ടെന്നിരിക്കെ തറവാടക 39 ലക്ഷത്തില്‍ നിന്നും 2.20 കോടിരൂപയായി ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചതില്‍ കോടതിയെ പഴിചാരി രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നയം ഇതാണ്. ഏത് മതമാണെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അതില്‍ കോണ്‍ഗ്രസ് ഇടപെടും. ശബരിമലയിലും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് അതാണ്. കോടതിവിധിയുടെ പേരില്‍ സ്ത്രീയെ പുരുഷവേഷത്തില്‍ ശബരിമലയില്‍ എത്തിക്കാന്‍ വരെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കി.
പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയപ്പോള്‍ അതില്‍ നിന്ന് പിന്നോക്കം പോയി. കോവിഡിന്റെ മറവില്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ പിണറായി വിജയന് പഴയ അസുഖം തുടങ്ങിയിരിക്കയാണ്. അടിയന്തരമായി തറവാടക വര്‍ദ്ധനവില്‍ നിന്നും പിന്‍മാറാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം. തറവാടകയുടെ പേരില്‍ പൂരവും പൂരം പ്രദര്‍ശനവും മുടക്കാമെന്ന് കരുതേണ്ട. പത്ത് വോട്ട് കിട്ടാന്‍ നവകേരള സദസ്സ് കഴിയുമ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുപ്പായം തുന്നി ഞങ്ങളെല്ലാം ശരിയാക്കി എന്ന് പറഞ്ഞ് ആരും ഇവിടേക്ക് വരേണ്ട. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തറക്കളിക്ക് കൂട്ടുനില്‍ക്കുന്ന മൂന്ന് മന്ത്രിമാരെയും കെ.മുരളീധരന്‍ നിശിതമായി വിമര്‍ശിച്ചു. സര്‍ക്കാരല്ല ഏത് കൊലകൊമ്പന്‍ വിചാരിച്ചാലും തൃശൂര്‍ പൂരം മുടക്കാന്‍ കഴിയില്ല. കേരളവര്‍മ്മ കോളേജിലെ പോലെ ഫ്യൂസ് ഊരിയല്ല പകല്‍ വെളിച്ചത്തിലാണ് നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ വോട്ടെണ്ണുകയെന്ന് ആരും മറക്കേണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പൂരം മുടങ്ങേണ്ട സാഹചര്യമുണ്ടായാല്‍ തൃശൂര്‍ക്കാരല്ല കേരളക്കാര്‍ മൊത്തമാണ് കൈകാര്യം ചെയ്യുകയെന്ന് മറക്കേണ്ടെന്നും കെ.മുരളീധരന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു.
പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എം.ബാലഗോപാല്‍, സെക്രട്ടറി ജി.രാജേഷ് പൊതുവാള്‍, വൈസ് പ്രസിഡന്റ് ഇ.വേണുഗോപാല്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്‍, എക്സിബിഷന്‍ കമ്മിറ്റി ഭാരവാഹികളായ പി.എം.വിപിനന്‍, എം.അനില്‍കുമാര്‍, പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്, വിനോദ് കണ്ടേങ്കാവില്‍, നന്ദന്‍ വാകയില്‍ എന്നിവര്‍ പിന്തുണയുമായെത്തി.