തൃശൂര്‍: വന്യസൗന്ദര്യത്തിന്റെ വേറിട്ടകാഴ്ചയായി ലളിതകലാ അക്കാദമിയില്‍ ഗ്രീന്‍ വാരിയേഴ്‌സിന്റെ വന്യം-2023 ഫോട്ടോ പ്രദര്‍ശനം. 35 വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ കാണാമറയത്തെ കാട്ടറിവുകളുടെ അപൂര്‍വശേഖരമായി 65 ഫോട്ടോകള്‍ പ്രദര്‍ശനത്തിനുണ്ട്. അപൂര്‍വമായി കാണുന്ന മലമ്പുഴക്കി വേഴാമ്പലും, ഉള്‍വനത്തിലെ വന്യമൃഗങ്ങളുടെ രൗദ്രഭാവങ്ങളും, ചലനങ്ങളും വിവിധ ഫ്രെയിമുകളിലായി പ്രദര്‍ശനത്തിലുണ്ട്. കാടിന്റെ ഉള്ളകത്തെ വൈചിത്രങ്ങളും, വിസ്മയങ്ങളും, രഹസ്യങ്ങളും പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് നവ്യമായൊരനുഭൂതി നല്‍കും.
കാടിന്റെ ശാന്തതയും, പച്ചപ്പും, ചോലകളും, ചക്ക പറിക്കുന്ന കുട്ടിക്കൊമ്പനും, നീന്തിത്തുടിക്കുന്ന നീര്‍നായയും, വര്‍ണാഭമായ ശലഭങ്ങളും, പീലി നിവര്‍ത്തിയ മയിലുകളും ഗ്രീന്‍ വാരിയേഴ്‌സിന്റെ ആദ്യ ഫോട്ടോ എക്‌സിബിഷനിലെ സവിശേഷതകളാണ്.