സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു മോദി
ഇന്ന് ഗുരുവായൂരിൽ വിവാഹിതരായ മറ്റു ദമ്പതിമാരെയും മോദി ആശിർവാദിച്ചു
തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ കുട്ടികളുടെ രാമായണ പാരായണത്തിൽ പങ്കെടുത്തു
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരം ക്ഷേത്രത്തിലും
തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും മോദി സന്ദർശനം നടത്തും
അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കായി രാമേശ്വരത്ത് നിന്ന് പ്രധാനമന്ത്രി തീർത്ഥം കൊണ്ടുപോകും
ഗുരുവായൂര്‍: പുഷ്പാലംകൃതമായ ശ്രീകോവിലില്‍ നെയ്വിളക്കിന്റെ പൊന്പ്രഭയില് ചൈതന്യം ചൊരിഞ്ഞ കണ്ണനെ കണ്‍കുളിര്‍ക്കേ കണ്ട്, മനം നിറഞ്ഞ് തൊഴുത് ആമോദചിത്തനായി പ്രധാനമന്ത്രി നരേന്ദ്രമോദി. 8 മണിയോടെ ക്ഷേത്രദര്‍ശനത്തിനെത്തിയ മോദി സോപാനത്തില്‍ നറുനെയ്യും, താമരപ്പൂവും സമര്‍പ്പിച്ചു. നേരത്തെ അറിയിച്ച തുലാഭാരം വഴിപാട് നടത്തിയില്ല.
രാവിലെ 8.45 ഓടെ അദ്ദേഹം ഇലക്ട്രിക് കാറില്‍ കിഴക്കേഗോപുര നടയിലെ കല്യാണമണ്ഡപത്തിലേക്ക് പുറപ്പെട്ടു. മേല്പത്തൂര് ഓഡിറ്റോറിയത്തിന് സമീപം ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, തുടങ്ങിയ വന്‍താരനിര മോദിയെ കാത്തുനിന്നു. അവര്‍ക്ക് മോദി അക്ഷതം കൈമാറി. തുടര്‍ന്ന് വെളുപ്പിന് വിവാഹം കഴിഞ്ഞ എട്ട് ദമ്പതിമാര്‍ക്കും അക്ഷതം നല്കി.
തുടര്‍ന്ന് ക്ഷേത്ര നടപ്പന്തലിലെ കല്യാണമണ്ഡപത്തില്‍ ബി.ജെ.പി മുന്‍ എം.പിയും, ചലച്ചിത്ര നടനുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹത്തിന് മോദി സാക്ഷിയായി വധൂവരന്മാര്ക്ക് പ്രധാനമന്ത്രി പുഷ്പഹാരങ്ങള്‍ കൈമാറി. പ്രധാനമന്ത്രി വധൂവരന്മാര്ക്ക് ആശംസകള്‍ അറിയിച്ചു. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നിന്ന്് കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനാസ് നമ്പൂതിരിപ്പാട്, ദേവസ്വം പ്രസിഡന്റ് പൊഫ.വി.കെ.വിജയന് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. കണ്ണന്റെ സവിധത്തില്‍ മോദി രണ്ട് മണിക്കൂറോളം തങ്ങി.
കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തിയത്. ഗുരുവായൂരില്‍ എത്തിയ പ്രധാനമന്ത്രിയെ ബി.ജെ.പി സംസ്ഥാന, ജില്ലാ നേതാക്കളും മറ്റും സ്വീകരിച്ചു. കനത്ത സുരക്ഷാ സംവിധാനമാണ് ഗുരുവായൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പിന്നീട് 12 മണിയോടെ കൊച്ചിയില്‍ തിരിച്ചെത്തി ഷിപ്പ്യാര്ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരയോടെ മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കും. വൈകിട്ടോടെ ദില്ലിക്ക് മടങ്ങും എന്ന നിലയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.