Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എൽഡിഎഫ് സ്ഥാനാർത്ഥികൾ പല്ലുകൊഴിഞ്ഞ സിംഹങ്ങൾ: കെ.സുരേന്ദ്രൻ


തൃശ്ശൂർ: മുഖ്യമന്ത്രിക്ക് സമനിലതെറ്റിയിരിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. തനിക്കും മകൾക്കും എതിരെ ഉയർന്നുവന്ന അഴിമതി ആരോപണം കൂടുതൽ കൂടുതൽ തെളിഞ്ഞുവരുന്നതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നതെന്നും തൃശ്ശൂരിൽ എൻഡിഎ പദയാത്രയോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഭരണാധികാരിയാണെന്നത് മറന്ന് വെറും പിതാവായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. സർക്കാരിന്റെയും പാർട്ടിയുടെയും സംവിധാനങ്ങൾ സ്വന്തം ആവശ്യത്തിന് വേണ്ടി അദ്ദേഹം ഉപയോ​ഗിക്കുകയാണ്. താനും മകളും അന്വേഷണത്തിൽ നിന്നും രക്ഷപ്പെടുന്നത് മാത്രമാണ് അദ്ദേഹത്തിന്റെ മനസിലുള്ളത്. അതെല്ലാം മറികടക്കാനാണ് പ്ര​ഗൽഭരായ ആളുകളെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയെന്ന് പറയുന്നത്. പല്ലുകൊഴിഞ്ഞ സിംഹങ്ങളാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ. എ.വിജയരാഘവൻ കോഴിക്കോട് ദയനീയമായി പരാജയപ്പെട്ടയാളാണ്. അദ്ദേഹം പാലക്കാട്ട് മത്സരിച്ചതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? കഴിഞ്ഞതവണ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയവരെയാണ് ഇപ്പോൾ ഭയങ്കരമാന ആളുകളായി ചിത്രീകരിക്കുന്നത്. പാർട്ടിയിൽ മൂലയ്ക്കാക്കിയ ആളുകളെ മത്സരിപ്പിക്കുന്നത് പിണറായി വിജയന് രക്ഷപ്പെടാൻ മാത്രമാണ്. കോഴിക്കോട്ടെ ഇപ്പോഴത്തെ സ്ഥാനാർത്ഥി എളമരം കരീം നിരവധി അഴിമതി ആരോപണം നേരിട്ടയാളാണ്. കുഞ്ഞാലിക്കുട്ടിയും മറ്റ് ലീ​ഗ് നേതാക്കളുമായും അദ്ദേഹത്തിനുള്ള ബന്ധം പരസ്യമാണ്. തോമസ് ഐസക്ക് മന്ത്രിയെന്ന നിലയിൽ പരാജയപ്പെട്ടയാളാണ്. അങ്ങനെയൊരാൾ പത്തനംതിട്ടയിൽ എന്ത് ചെയ്യാനാണ്? ജി.സുധാകരനെ കൂടി സ്ഥാനാർത്ഥിയാക്കിയിരുന്നെങ്കിൽ കോറം തികയുമായിരുന്നുവെന്നും സുരേന്ദ്രൻ പരിഹസിച്ചു.

ഇടതുപക്ഷത്തിന്റെ ഐശ്വര്യം നിർ​ഗുണമായ പ്രതിപക്ഷമാണ്. വിഡി സതീശനാണ് മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുന്നത്. എൽഡിഎഫിനെ നേരിടാൻ യുഡിഎഫിന് കെൽപ്പില്ല. പിണറായി വിജയന്റെ ധിക്കാരവും ധാർഷ്ട്യവും നേരിടാൻ എൻഡിഎക്ക് മാത്രമേ സാധിക്കുകയുള്ളൂ. മുസ്ലിംലീ​ഗ് മറുകണ്ടം ചാടാൻ തയ്യാറായിരിക്കുകയാണ്. മുന്നണി മാറ്റത്തിന് ലോക്സഭ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കുകയാണ് ലീ​ഗ്. വർ​ഗീയ ശക്തികളെയും സാമ്പത്തിക ക്രമക്കേട് കാണിക്കുന്ന മുതലാളിമാരെയും ഏകോപിപ്പിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. അതിനെ എതിർക്കാൻ പോലും യുഡിഎഫ് തയ്യാറല്ല. രാഹുൽ ​ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന പ്രചരണം ഇനി ഏശില്ല. എംപി ഇല്ലാതിരുന്നിട്ടും തൃശ്ശൂരിന്റെ വികസനത്തിന് വേണ്ടി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്. ഈ വികസന തുടർച്ചയ്ക്ക് വേണ്ടിയും കൂടുതൽ വികസനം നടത്താനുമാണ് എൻഡിഎ ജനങ്ങളെ സമീപിക്കുന്നത്. കേരളപദയാത്ര വിജയിച്ചതു കൊണ്ടാണല്ലൊ അതിനെതിരെ രണ്ട് മുന്നണികളും സംഘടിത ആക്രമണം നടത്തുന്നത്. എന്നാൽ കോൺ​ഗ്രസിന്റെ ജാഥ ആരും അറിയാതെ പോകുകയാണ്. രണ്ട് പേർ നയിക്കുന്ന ജാഥ ചരിത്രത്തിൽ ഇല്ലാത്തതാണ്. രണ്ട് ക്യാപ്റ്റൻമാർ എങ്ങനെയാണ് യാത്ര നടത്തുക. പ്രതാപൻ വെറുപ്പിന്റെ വക്താക്കളുമായാണ് സ്നേഹത്തെ കുറിച്ച് സംസാരിക്കുന്നത്. നിരോധിത മതഭീകരവാദ സംഘടനകളുടെ ആളുകളാണ് പ്രതാപന്റെ സ്വന്തക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എ.നാ​ഗേഷ്, ജില്ലാ അദ്ധ്യക്ഷൻ കെകെ അനീഷ്കുമാർ എന്നിവർ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *