തൃശൂര്‍: തൃശൂര്‍ പൂരം എഴുന്നള്ളിപ്പുപോലെ പ്രൗഡഗംഭീരമായ വരവേല്‍പ്പിന്റെ അകമ്പടിയോടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി. വൈകീട്ട് അഞ്ചേമുക്കാലിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കേരള എക്സ്പ്രസ് ട്രെയിനില്‍ വന്നിറങ്ങിയ സുരേഷ്ഗോപിയെ ആഹ്ലാദാരവങ്ങളോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. താരപ്രഭയില്‍ ആവേശത്തിരയിലായിരുന്നു സുരേഷ്ഗോപിയുടെ റോഡ് ഷോ. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ സുരേഷ്ഗോപിയെ നഗരത്തിലേക്ക് ആനയിച്ചു.
പുഷ്പാലംകൃതമായ തുറന്ന കാറില്‍ നിന്ന് അദ്ദേഹം റോഡിന്റെ ഇരുവശത്തും തിങ്ങിനിറഞ്ഞ അണികളെയും ആരാധകരെയും അഭിവാദ്യം ചെയ്തു.
റോഡ് ഷോ സ്വരാജ് റൗണ്ടിലെത്തിയപ്പോള്‍ അദ്ദേഹം മണികണ്ഠനാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. നടുവിലാലില്‍ ഗണപതിയ്ക്ക് മുന്നില്‍ നാളികേരമുടച്ചു. തൃശൂര്‍ കോര്പറേഷിന് മുന്നിലാണ് റോഡ് ഷോ സമാപിച്ചത്.
തൃശൂരിലെ തിരഞ്ഞെടുപ്പ് യുദ്ധമല്ലെന്നും, പോരാളികള്‍ തമ്മിലുള്ള മത്സരം മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. മത്സരത്തില്‍ ഒരു വിജയി വേണം. ആ വിജയിയായി തൃശൂരുകാര് തന്നെ പ്രഖ്യാപിക്കുമെന്ന് അണികളുടെ ആഹ്ലാദാരവങ്ങള്‍ക്കിടെ സുരേഷ്ഗോപി പറഞ്ഞു.