തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തകൃതിയായ പ്രചാരണത്തിനിടെ തൃശൂര്‍ കോര്പറേഷന് ഭരണം പിടിച്ചെടുക്കാന്‍ യു.ഡി.എഫ് നീക്കം തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി കെ.മുരളീധരന് എത്തിയതോടെയാണ് തൃശൂര്‍ കോര്പറേഷന് പിടിച്ചടക്കാന്‍ സജീവമായ ശ്രമം തുടങ്ങിയത്. കെ.മുരളീധരന്റെ വരവോടെ മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ മേയര്‍ എം.കെ.വര്‍ഗീസ് ഭരണമാറ്റത്തിന് താല്പര്യം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച എം.കെ.വര്‍ഗീസിന്റെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് കോര്പറേഷന് ഭരണം പിടിച്ചടക്കിയത്. മുരളീധരനോട് അടുപ്പമുള്ള ചില കൗണ്‍സിലര്‍മാര്‍ ഭരണമാറ്റത്തിന് അനുകൂലമായി സമ്മതം മൂളിയതായും സംസാരമുണ്ട്.
എന്നാല്‍ ഭരണമാറ്റത്തിനില്ലെന്ന് മേയര്‍ എം.കെ.വര്‍ഗീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷം മേയര്‍ സ്ഥാനത്ത് താന്‍ തുടരുമെന്നും, ആരും കോണ്‍ഗ്രസിലേക്ക് മടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തോടൊപ്പം നില്ക്കുന്ന രണ്ട് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് രാജന്.ജെ.പല്ലനും സ്ഥിരീകരിച്ചിട്ടുണ്ട്. സി.പി.ഐയില്‍ നിന്ന് പോലും ചില കൗണ്‍സിലര്‍മാര്‍ യു.ഡി.എഫിനൊപ്പം നില്നില്ക്കാന് തയ്യാറാണെന്ന് രാജന്.ജെ.പല്ലന് പറയുന്നു.
ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് എല്‍.ഡി.എഫ് കോര്പറേഷന് ഭരിക്കുന്നത്. സ്വതന്ത്രരായ സി.പി.പോളി അടക്കമുള്ള രണ്ട് കൗണ്‍സിലര്‍മാര്‍ യു.ഡി.എഫ് പാളയത്തിലെത്താമെന്ന് അറിയിച്ചതായും വാര്‍ത്ത പരന്നിട്ടുണ്ട്.
മേയര്‍ സ്ഥാനം തുടര്‍ന്നും നല്‍കുമെന്ന ഉറപ്പ് ലഭിച്ചാല്‍ എം.കെ.വര്‍ഗീസ് യു.ഡി.എഫിനൊപ്പം വരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍. കോര്‍പറേഷനില്‍ ഇപ്പോള്‍ മേയര്‍ എം.കെ.വര്‍ഗീസ് അടക്കം 25 അംഗങ്ങള്‍ ഉണ്ട്. യു.ഡി.എഫിന് 24 അംഗങ്ങളും, ബി.ജെ.പിക്ക് 6 അംഗങ്ങളും ആണുള്ളത്.
ഇതിനിടെ ഡപ്യൂട്ടി മേയര്‍ എം.എല്‍.റോസി ലോറികളില്‍ കുടിവെള്ളവിതരണത്തില്‍ ഒരു കോടിയുടെ നഷ്ടം വരുത്തിയെന്ന ആരോപണം നേരിടുകയാണ്. പ്രതിപക്ഷം ഡപ്യൂട്ടി മേയറുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഡപ്യൂട്ടി മേയര്‍ രാജിവച്ചൊഴിയാനിടയുണ്ടെന്നും യു.ഡി.എഫ് കരുതുന്നുണ്ട്. ഇതിനിടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡി.ചോദ്യം ചെയ്ത കൗണ്‍സിലര്‍ അനുപ് ഡേവിസ് കാട സജീവമായി പ്രവര്ത്തനരംഗത്തില്ലെന്നും ആരോപണമുണ്ട്്.
ഡപ്യൂട്ടി മേയര്‍ സ്ഥാനം ലഭിക്കാത്തതിന്റെ പേരില്‍ സി.പി.ഐ കൗണ്‍സിലര്‍മാരും അതൃപ്തരാണ്. ഇവരിലെ ഒരാളെയെങ്കിലും തങ്ങളുടെ കൂടെ ചേര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.