തൃശൂർ: നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. കോർപ്പറേഷനുള്ളിൽ മേയറുടെ ചേമ്പറിന് മുന്നിലായിരുന്നു പ്രതിഷേധം. വർഷകാലത്തിന് മുൻപ് തന്നെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് കൗൺസിലർമാർ മേയർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. പെരുമാറ്റ ചട്ടം നിലവിലുള്ളപ്പോൾ ഫണ്ട് വിനിയോഗിക്കാൻ കഴിയില്ലെന്നായിരുന്നു മേയറുടെ വാദം. തുടർന്ന് കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ നഗരത്തിലെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും വെള്ളം കയറി. റോഡുകളിൽ വെള്ളം കയറിയത് വലിയ ഗതാഗതക്കുരുക്കിന് ഇടവരുത്തി. കാനകൾ വൃത്തിയാക്കാത്തതും മറ്റ് പ്രവർത്തനങ്ങൾ നടത്താത്തതുമാണ് ഇതിനു കാരണമെന്ന് കൗൺസിലർമാർ ആരോപിച്ചു. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ മേയർ സ്ഥലത്ത് ഇല്ല എന്നതാണ് പ്രതിഷേധം ശക്തമാകാനുള്ള കാരണം. ബിജെപി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി, കൗൺസിലർമാരായ ഡോ. വി ആതിര, നിജി കെ ജി, രാധിക തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.