Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എന്‍.ഡി.എ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും, കേരളത്തിലും അക്കൗണ്ട് തുറന്നുവെന്ന് മോദി

ന്യൂഡല്‍ഹി:വാരാണസി: മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
കേരളത്തിലെ സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നു. കേരളത്തിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കായി പോരാടി, പീഡനങ്ങള്‍ക്കിടയിലും അവര്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു. കേരളത്തിലെ പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് സുരേഷ് ഗോപി വിജയിച്ചത്, മോദി പറഞ്ഞു.

നിങ്ങളുടെ സ്നേഹത്തിനും ആശിര്‍വാദത്തിനും നന്ദി. ഇന്ന് മംഗളമായൊരു ദിനമാണ്. തുടര്‍ച്ചയായ മൂന്നാം തവണ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോവുകയാണ് ബിജെപി. ജനം എന്നില്‍ വിശ്വസിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണ്.

ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. അവിടെയെല്ലാം വീണ്ടും എന്‍ഡിഎ സീറ്റുകള്‍ തൂത്തുവാരി. തെലങ്കാനയില്‍ ബിജെപി സീറ്റ് വര്‍ധിപ്പിച്ചു. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ വിജയം നേടാനായെന്നും മോദി പറഞ്ഞു.

 ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം അധികാരത്തിലേക്ക്്. എന്‍.ഡി.എ 290 സീറ്റിലാണ് മൂന്നില്‍. ഇന്ത്യ മുന്നണി 235 സീറ്റിലും മറ്റുള്ളവര്‍ 18 സീറ്റിലും മുന്നിലാണ്.
543 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
മൂന്നാം വട്ടവും എന്‍ഡിഎയ്ക്ക് തുടര്‍ഭരണം നല്‍കിയ ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ജനങ്ങള്‍ എന്‍.ഡി.എയില്‍ മൂന്നാം വട്ടവും വിശ്വാസം അര്‍പ്പിച്ചു. ഇതൊരു ചരിത്രനേട്ടമാണ്. കഴിഞ്ഞ പത്തുവര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പു നല്‍കുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്കും നന്ദി” – മോദി എക്സില്‍ കുറിച്ചു.

അതേസമയം, മൂന്നാം വട്ടവും ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍നിന്നു വിജയിച്ച നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞു. യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആയിരുന്നു മോദിയുടെ എതിരാളി. ഇത്തവണ 1,52,513 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് മോദിക്ക് ലഭിച്ചത്.

2014-ല്‍ 3,71,784 വോട്ടുകളും (പോള്‍ ചെയ്തവയില്‍ 36.14% വോട്ടുകള്‍) 2019-ല്‍ 4,79,505 വോട്ടുകളുമാണ് (പോള്‍ ചെയ്തവയില്‍ 45.2% വോട്ടുകള്‍) ആണ് ലഭിച്ചത്. വാരാണസിയില്‍ നോട്ടയ്ക്ക് 8257 വോട്ടുകളും ലഭിച്ചു.
ഉത്തര്‍പ്രദേശും, രാജസ്ഥാനും ഉള്‍പ്പെടുന്ന ഹിന്ദി ഹൃദയഭൂമിയില്‍ തിളങ്ങാന്‍ കഴിയാതിരുന്നതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. മഹാരാഷ്ട്രയിലും തിരിച്ചടി നേരിട്ടു. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ കരുത്തില്‍ ബി.ജെ.പിക്ക് അടിപതറി. പഞ്ചാബിലും ബി.ജെ.പിക്ക് വീഴ്ച പറ്റി.
ഈയാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ബി.ജെ.പിയുടെ നീക്കം. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ കാണും.

Leave a Comment

Your email address will not be published. Required fields are marked *