Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വിദേശപഠനവും, ജോലിയും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്, കൊക്കാലയിലെ അടച്ചുപൂട്ടിയ  സ്ഥാപനത്തിന് മുന്നില്‍ തട്ടിപ്പിനിരയായവരുടെ പ്രതിഷേധം

തൃശൂര്‍: വിദേശത്ത് പഠനവും,ജോലിയും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയവര്‍ സ്ഥാപനം അടച്ചുപൂട്ടി മുങ്ങിയതായി പരാതി. കൊക്കാലെ മേപ്പിള്‍ ടവറിലെ കാസില്‍ഡ ആന്റ് മിത്രം എബ്രോഡ് ഏജുക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണ് നൂറുകണക്കിന് പേരെ കബളിപ്പിച്ച് പണം തട്ടിയത്. തൃശൂര്‍ ജൂബിലി മിഷ്യന്‍ മെഡിക്കല്‍ കോളേജിന്  സമീപം അക്വാറ്റിക് ക്ലബ് റോഡില്‍  അരിസ്റ്റോ റോഡില്‍ താമസിക്കുന്ന സുഭാഷ് ആര്‍ (റിജോ), കോട്ടയം സ്വദേശികളായ രാഹുല്‍ രാജേന്ദ്രന്‍, മുഹമ്മദ് ഇജാസ് പത്തനംതിട്ട സ്വദേശി ശ്രീജിത്ത് (കണ്ണന്‍ ) എന്നിവര്‍ക്കെതിരെയാണ്  പരാതി നല്‍കിയിട്ടുള്ളത്.
ശനിയാഴ്ചയാണ് ജോലിക്കാരെ പിരിച്ചുവിട്ട് സ്ഥാപനം അടച്ചുപൂട്ടിയത്. ഇതറിഞ്ഞാണ് രാവിലെ മുതല്‍ കൊക്കാലയിലെ സ്ഥാപനത്തിലേക്ക് പണം നല്‍കിയവര്‍ സംഘമായി എത്തിയത്. സംഭവമറിഞ്ഞ് എത്തിയ പോലീസിന്റെ നിര്‍ദേശപ്രകാരം തട്ടിപ്പെന്നറിഞ്ഞ് എത്തിയവരെല്ലാം  ഈസ്റ്റ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
ഓസ്‌ട്രേലിയ, പോളണ്ട് എന്നിവിടങ്ങളില്‍ പഠനത്തിന് 180 പേരില്‍ നിന്ന് ഒന്നരലക്ഷം രൂപയാണ് അഡ്വാന്‍സായി വാങ്ങിയത്. വിവിധ ജില്ലകളില്‍ കാസില്‍ഡയുടെ ഫ്രാഞ്ചൈസി തുടങ്ങാന്‍ പലരില്‍ നിന്നും മൂന്ന് ലക്ഷം രൂപ വീതവും  വാങ്ങിയതായാണ് വിവരം.  യൂറോപ്യന്‍ രാജ്യങ്ങളിലെ വെയര്‍ ഹൗസുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്. വിദേശത്ത് പോകാന്‍ പലര്‍ക്കും മെഡിക്കല്‍ പരിശോധനവരെ നടത്തിയിരുന്നു.
പല ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്ഥാപനം വര്‍ക്ക് വിസയുടെ കോപ്പി നല്‍കിയെന്നും എന്നാല്‍ വിദേശ എംബസികളുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ യാത്ര വൈകുന്നുവെന്നും ബോധ്യപ്പെടുത്തിയാണ് കബളിപ്പിക്കല്‍ തുടര്‍ന്നതെന്ന് പരാതിക്കാരില്‍ ചിലര്‍ പറഞ്ഞു. വിദേശപഠനത്തിനെന്ന പേരില്‍ രണ്ട് മാസം മുന്‍പ് വരെ പണം നല്‍കിയവരുമുണ്ട്. സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫേയ്സ് ബുക്ക് പേജില്‍ മുന്‍പുതന്നെ കമന്റുകള്‍ വന്നിട്ടുള്ളതായും, അത്തരം കാര്യങ്ങള്‍ പണം നല്‍കിയ ശേഷമാണ് തങ്ങള്‍ അറിയുന്നതെന്നും പരാതിക്കാര്‍ പറഞ്ഞു. വീടും, സ്വര്‍ണവും പണയം വെച്ചും,  കച്ചവട സ്ഥാപനങ്ങള്‍ വിറ്റുമാണ് പലരും പണം നല്‍കിയത് എന്നും പരാതിക്കാര്‍ പറയുന്നു

തട്ടിപ്പ് നടക്കുന്നതായി കെട്ടിടം
ഉടമ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോലീസ് അനങ്ങിയില്ല

.

തൃശ്ശൂര്‍: കൊക്കാലയിലെ  കാസില്‍ഡ ആന്റ് മിത്രം എബ്രോഡ് എജുക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ വിദേശപഠനവും, ഉദ്യോഗവും വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം വാങ്ങി കബളിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ചൂണ്ടിക്കാട്ടി കെട്ടിടത്തിന്റെ ഉടമ പുളിക്കല്‍ ഗിരീശന്‍ തൃശൂര്‍ ഈസ്റ്റ് പോലീസില്‍ കഴിഞ്ഞ മാര്‍ച്ചിലും ഏപ്രില്‍ മാസത്തിലുമായി മൂന്ന്് തവണ പരാതി നല്‍കിയിരുന്നു. പ്രവാസിയായ ഗിരീശന്‍ കഴിഞ്ഞ മാര്‍ച്ച് 14നായിരുന്നു ഇ-മെയിലില്‍ ഈസ്റ്റ് പോലീസിന് ആദ്യ പരാതി നല്‍കിയത്.  വാടകത്തുക ചെക്കായി അയച്ചത് മടങ്ങിയതായും, കാസില്‍ഡയുടെ നടത്തിപ്പുകാര്‍ മോശമായി പെരുമാറുന്നതായും ഈസ്റ്റ് പോലീസിന് നല്‍കിയ പരാതിയില്‍ ഗിരീശന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരിയില്‍ സ്ഥാപനത്തിന്റെ വാടക കരാര്‍ അവസാനിച്ചിരുന്നു . ഏഴ് മാസത്തെ വാടകകുടിശ്ശികയും നല്‍കാനുണ്ടായിരുന്നു.

വാടക ചോദിച്ച് ചെന്ന കെട്ടിടത്തിന്റെ മാനേജറെ കാസില്‍ഡയുടെ നടത്തിപ്പുകാര്‍  ഭീഷണിപ്പെടുത്തുകയും, കള്ളക്കേസില്‍ കുടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി മാര്‍ച്ച് 23ന് നല്‍കിയ രണ്ടാമത്തെ പരാതിയില്‍ ഗിരീശന്‍ വ്യക്തമാക്കിയിരുന്നു.
വാടക കുടിശ്ശികയടക്കം നല്‍കാതായതോടെ കെട്ടിടത്തിന്റെ മാനേജര്‍ സ്ഥാപനത്തിന്റെ ഷട്ടര്‍ മറ്റൊരു ലോക്കിട്ട് പൂട്ടി. പിറ്റെദിവസം നടത്തിപ്പുകാര്‍ സ്ഥാപനത്തിന്റെ പൂട്ട് തല്ലിത്തകര്‍ത്ത് ഷട്ടര്‍ തുറക്കുകയും, ഇതറിയാതിരിക്കാന്‍ സിസി ടിവി ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏപ്രില്‍ ഒന്നിന് വീണ്ടും ഗിരീശന്‍ പോലീസിന് പരാതി നല്‍കിയിരുന്നു. മൂന്ന് പരാതിയും പോലീസ് അവഗണിച്ചു.

നിരവധി പരാതികള്‍ ഞായറാഴ്ചയും ഇന്നുമായി  ലഭിച്ചിട്ടുണ്ടെന്നും, എഫ്.ഐ.ആര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നുമാണ് ഈസ്റ്റ് സി ഐ എം സുജിത്ത് പറഞ്ഞത്. പല രേഖകളും പരിശോധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പുതിയ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി മുന്‍പ് ജോലിക്കായി പണം നല്‍കിയവര്‍ക്ക് തിരികെ നല്‍കി നിരവധി പരാതികള്‍ പുതുക്കി തീര്‍ത്തു തായി സംശയിക്കുന്നതായും പരാതിക്കാര്‍ പറയുന്നു. പോലീസ് നടപടി വൈകിയതാണ് അതിനു വഴിവച്ചത് എന്നും ആരോപണമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *