തൃശൂര്‍: മകന് വേണ്ടി സ്വന്തം കൈപ്പടയില്‍ വിവാഹക്ഷണക്കത്തുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് അഖിലിന്റെ മാതാപിതാക്കള്‍. ആഗസ്റ്റ് 25നാണ് ബാങ്ക് ഉദ്യോഗസ്ഥനായ അഖിലിന്റെ വിവാഹം വധു കാരമുക്ക് സ്വദേശിനി ഗ്ലാഡ്വിന് ഓസ്ജസ്.
പാലക്കല്‍ റോസ് ഗാര്‍ഡന്‍സില്‍ പണിക്കശ്ശേരി ചന്ദ്രബോസും, ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ നഴ്സായ രജനിയും ഒന്നിച്ചിരുന്ന് അല്പം കനമുള്ള വെള്ളപേപ്പറില്‍ പല നിറങ്ങളിലുള്ള പേനകള്‍ ഉപയോഗിച്ചാണ് വര്‍ണശബളമായ ക്ഷണക്കത്തുകള്‍ സ്വന്തം കയ്യക്ഷരത്തില്‍ എഴുതി തയ്യാറാക്കുന്നത്.
‘ഓര്‍മയില്‍ കുറിച്ചിടുക’ എന്ന അഭിസംബോധനയോടെയാണ് ക്ഷണക്കത്തിന്റെ തുടക്കം. ‘നിങ്ങളുടെ വരവും കാത്ത് ഞങ്ങളുണ്ടാകും’ എന്ന സ്നേഹത്തില്‍ ചാലിച്ച സമാപനകുറിപ്പുമായാണ് കത്ത് തീരുന്നത്. വിവാഹത്തിന്റെ തീയതിയും സ്ഥലവും സമയവും എല്ലാം കത്തിലുണ്ട്. സ്വന്തം കൈപ്പടയില്‍ അറുന്നൂറോളം ക്ഷണക്കത്തുകള്‍ തയ്യാറാക്കും. ഇതിനകം 400 കത്തുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. അഖിലിന്റെ അമ്മ രജനി തന്നെയാണ് ക്ഷണക്കത്ത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വേറിട്ട ക്ഷണക്കത്തുമായി എല്ലാവരെയും നേരിട്ട് കണ്ട് ക്ഷണിക്കുമെന്ന് ചന്ദ്രബോസും, രജനിയും ന്യൂസ്സ് കേരള ഡോട്ട് കോമിനോട് പറഞ്ഞു.