തൃശൂര്‍: പുലിമടകളില്‍ ഒരുക്കങ്ങള്‍ തകൃതി. വെളുപ്പിന് തന്നെ മനുഷ്യപ്പുലികള്‍ ചായമിട്ടു തുടങ്ങി. ഇത്തവണ ഏഴ് ടീമുകളാണ് പുലിക്കളി മത്സരത്തിന് ഒരുങ്ങുന്നത്. പാട്ടുരായ്ക്കല്‍ സംഘമാണ് ആദ്യം സ്വരാജ് റൗണ്ടില്‍ എത്തുക. റൗണ്ടില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ ഒന്‍പത് മണിവരെയാണ് പുലിക്കളിയാഘോഷം. ഓരോ സംഘത്തിലും 51 വരെ പുലികളുണ്ടാകും. എല്‍.ഇ.ഡിയില്‍ തിളങ്ങുന്ന പുലികളും, പെണ്‍പുലികളും, കുട്ടിപുലികളും ഇത്തവണയും മത്സരത്തിന് പൊലിമയേകും. ചെണ്ടയുടെ രൗദ്രതാളത്തിനൊപ്പം അരമണികിലുക്കി പുലികള്‍ നൃത്തച്ചുവടുവെയ്ക്കുന്നതോടെ പൂരനഗരം ആവേശത്തിലാകും.
വരയന്‍പുലികളും വയറന്‍പുലികളും കരിമ്പുലികളും, വിയ്യൂര്‍ ദേശത്തിന്റെ മാന്തുംപുലികളും കാണികളുടെ മനംനിറയ്്ക്കും. പുലിവേഷത്തിന് സമാനമായ രീതിയില്‍ വ്യത്യസ്തനിറങ്ങളിലുള്ള കൈകാലുറകളിലാണു പുലിനഖങ്ങള്‍ പിടിപ്പിച്ചിരിക്കുന്നത്.
പുലിനിറം, മുഖംമൂടി, മുടിക്കെട്ട്, വരകള്‍ എന്നിവയിലെല്ലാം പുതുമകളുണ്ടാകും. വൈകീട്ട് അഞ്ചിന് സ്വരാജ് റൗണ്ടില്‍ നായ്ക്കനാല്‍ ജംഗ്ഷനില്‍ പാട്ടുരായ്ക്കല്‍ ദേശം സംഘത്തെ മേയര്‍ എം.കെ. വര്‍ഗീസ് ഫ്‌ളാഗ്ഓഫ് ചെയ്ത് ഈ വര്‍ഷത്തെ പുലിക്കളി മഹോത്സവത്തിനു തുടക്കംകുറിക്കും.
ബിനി ജംഗ്ഷന്‍ വഴി യുവജനസംഘം വിയ്യൂര്‍, വിയ്യൂര്‍ ദേശം പുലിക്കളി സംഘം എന്നിവ റൗണ്ടില്‍ പ്രവേശിക്കും. ഒരോ പുലിസംഘത്തിനൊപ്പവും 35 മുതല്‍ 51 വീതം പുലികളും ഒരു ടാബ്ലോയും പുലിവണ്ടിയും ഉണ്ടാകും.
സീതാറാം മില്‍ ലെയ്ന്‍ സംഘം പൂങ്കുന്നംവഴി ശങ്കരയ്യ ജംഗ്ഷനിലെത്തി എംജി റോഡിലൂടെ നടുവിലാലിലേക്കു കയറും. ശങ്കരംകുളംങ്ങര, കാനാട്ടുകര സംഘങ്ങള്‍ പടിഞ്ഞാറെ കോട്ടയിലൂടെയും ചക്കാമുക്ക് പുലികള്‍ കോട്ടപ്പുറം വഴിയും എം.ജി റോഡിലെത്തി നായ്ക്കനാലിലൂടെ റൗണ്ടിലേക്കു പ്രവേശിക്കും.