തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ സര്‍ക്കാരും സുപ്രീംകോടതിയിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കും. ഇടക്കാല ഉത്തരവിനു മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. അവസാന ശ്രമം എന്ന നിലയിലെ സിദ്ദിഖ് ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് ഒടുവിലെ തീരുമാനം.
സിദ്ദിഖിന്റെ നീക്കത്തിനെതിരെ അതിജീവിത സുപ്രിംകോടതിയില്‍ തടസഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നു. കേരളത്തിലെ അഭിഭാഷകന്‍ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സിദ്ദിഖ് നടത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ അഭിഭാഷകന് വിധിപ്പകര്‍പ്പ് അയച്ചു നല്‍കി. വര്‍ഷങ്ങള്‍ മുമ്പ് നടന്ന സംഭവത്തില്‍ സമീപകാലത്ത് പരാതി നല്‍കിയത് അടക്കമുള്ള വിഷയങ്ങള്‍ സുപ്രീംകോടതിയില്‍ ഉയര്‍ത്താനാണ് നീക്കം.
നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സിദ്ദിഖ് ഒളിവിലാണ്. സിദ്ദിഖിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് വന്‍ തിരച്ചിലാണ് പൊലീസ് നടത്തിയത്. 2016-ല്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ 2024 -ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘം മുന്നോട്ട് പോവുകയാണ്. സിദ്ദിഖിന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്. സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയില്‍ കണ്ടതായി വിവരം. ആലപ്പുഴയിലെ പ്രധാന റിസോര്‍ട്ടുകളിലൂം സ്റ്റാര്‍ ഹോട്ടലുകളിലും സിദ്ദിഖിനായി പൊലീസ് തിരച്ചില്‍ നടത്തി.