തൃശൂര്‍: നാലോണനാളിലെ പുലിക്കളി മഹോത്സവത്തില്‍ കിട്ടിയ ട്രോഫിയും മറ്റും സ്വീകരിക്കാതെ ഉപേക്ഷിച്ച ശേഷം പിറ്റെ ദിവസം എടുത്തുകൊണ്ടുപോയ സംഭവത്തില്‍ പൂങ്കുന്നം സീതാറാം മില്‍ ദേശം സംഘാടകരില്‍ നിന്ന് വിശദീകരണം തേടുമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് അറിയിച്ചു. ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് ആരോപിച്ചാണ് സീതാറാം മില്‍ ദേശം ട്രോഫി സ്വീകരിക്കാതിരുന്നത്. മേയറില്‍ നിന്നായിരുന്നു സീതാറാം മില്‍ ദേശം സംഘാടകര്‍ ട്രോഫി സ്വീകരിക്കേണ്ടിരുന്നത്. ട്രോഫി വേദിയില്‍ വലിച്ചെറിഞ്ഞ് പോകുകയായിരുന്നുവെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നത്.
ട്രോഫികളെല്ലാം ബിനി ഹെറിറ്റേജില്‍ സൂക്ഷിച്ചുവെച്ചിരുന്നു. ട്രോഫിയും മറ്റും പുലിക്കളി മഹോത്സവം നടന്നതിന്റെ പിറ്റെദിവസം കൗണ്‍സിലര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വന്നാണത്രെ എടുത്തുകൊണ്ടുപോയത്. ട്രോഫികള്‍ ആഹ്ലാദാരവങ്ങളോടെ എടുത്തുകൊണ്ടുപോകുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ബിനി ഹെറിറ്റേജില്‍ സൂക്ഷിച്ചുവെച്ചിരുന്ന ട്രോഫികള്‍ തങ്ങളുടെ അനുവാദമില്ലാതെയാണ് എടുത്തുകൊണ്ടുപോയതെന്നും, ഇതെക്കുറിച്ച് വിശദീകരണം നിര്‍ബന്ധമാണെന്നും മേയര്‍ അറിയിച്ചു. സംഭവത്തില്‍ പുലിക്കളി സംഘങ്ങളുടെ യോഗം വിളിക്കും. സീതാറാം മില്‍ ദേശത്തിന് നല്‍കാനുള്ള തുക തിരിച്ചുപിടിക്കണോ എന്ന കാര്യം വിശദീകരണം കിട്ടിയ ശേഷം പരിശോധിക്കും. ട്രോഫി എടുത്തുകൊണ്ടുപോയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുന്ന കാര്യത്തിലും, സീതാറാം മില്‍ ദേശത്തിന് അടുത്തവര്‍ഷത്തെ പുലിക്കളി മഹോത്സവത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുന്ന കാര്യത്തിലും വിശദീകരണം കേട്ട ശേഷം തീരുമാനമെടുക്കുമെന്നും മേയര്‍ പറഞ്ഞു.