തൃശ്ശൂർ: നിധി നിയമങ്ങളിലെ പോരായ്മകൾ പരിഹരിച്ച് നിധി കമ്പനികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കണമെന്ന ഹൈക്കോടതി നിർദ്ദേശം ഉടനടി നടപ്പിലാക്കണമെന്ന് നിധി കമ്പനീസ് അസോസിയേഷൻ (NCA) സംസ്ഥാന വാർഷിക പൊതു സമ്മേളനം ആവശ്യപ്പെട്ടു.
2013 ലെ നിധി നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രവർത്തന റിപ്പോർട്ട് എൻഡിഎച്ച് 4 എന്ന ഫോമിലൂടെ വീണ്ടും സമർപ്പിക്കണമെന്ന 2019 ലെ പരിഷ്ക്കരിച്ച നിയമത്തിന്റെ പേരിൽ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന നിയമത്തിനെതിരെയാണ് സംഘടന കോടതിയെ സമീപിച്ചതെന്ന് സംസ്ഥാന പ്രസിഡൻ്റ് ഡേവീസ് എ. പാലത്തിങ്കൽ പറഞ്ഞു. എൻ സി എ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചു അംഗീകാരം നൽകിയ ശേഷം അതേ റിപ്പോർട്ട് എൻഡിഎച്ച് 4 ലൂടെ വീണ്ടും നൽകിയപ്പോൾ അംഗീകരിക്കാതെ തള്ളിയത് നീതീകരിക്കാനാകില്ല. ഇതിനെതിരെയാണ് സംഘടന നിയമ പോരാട്ടം നടത്തിയത്. കോടതി വിധി വന്നിട്ട് മാസങ്ങൾ പലത് പിന്നിട്ടിട്ടും നിയമം നടപ്പിലാക്കേണ്ട മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സ് ഉദ്യോഗസ്ഥർ അടങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്. തുടർന്നും ബന്ധപ്പെട്ടവർ നിഷേധാത്മക നിലപാട് തുടർന്നാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നു സംസ്ഥാന പ്രസിഡൻ്റ് അറിയിച്ചു. ജനറൽ സെക്രട്ടറി സലീഷ് എ. എ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻ്റ് ജോസഫ് ഇ എ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് എം വി മോഹനൻ, സെക്രട്ടറി സുരേഷ് എം, ട്രഷറർ സുബ്രഹ്മണ്യൻ പി എസ്, സോണൽ പ്രസിഡന്റുമാരായ ബിനീഷ് ജോസഫ്, ഗോപൻ ജി നായർ, ഹേമചന്ദ്രൻ നായർ, നിധീഷ് പി.സി, അടൂർ സേതു എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ഡേവീസ് എ പാലത്തിങ്കൽ (പ്രസിഡൻറ്), ജോസഫ് ഇ എ, അടൂർ സേതു (വൈസ് പ്രസിഡൻ്റുമാർ), സലീഷ് എ എ (ജനറൽ സെക്രട്ടറി), സുരേഷ് എം, സുബ്രഹ്മണ്യൻ പി ബി, ബിനീഷ് ജോസഫ്, ഗോപൻ ജി നായർ (സെക്രട്ടറിമാർ), രാജേഷ് പി ആർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.