മഞ്ചേരി: വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടുണ്ടാക്കുമെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ ആരോപിച്ചു. മഞ്ചേരിയില്‍ പുതുതായി രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്്മെന്റ് ഓഫ് കേരളയുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, സി.പി.എം നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചു. എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ തൃശൂരില്‍ വന്ന് പൂരം കലക്കാന്‍ നേരിട്ട് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്താനായിരുന്നു. പൂരം കലക്കി ബി.ജെപി.ക്ക് തൃശൂര്‍ സീറ്റ് നല്‍കി. പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് താന്‍ പറഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം തീരുമാനം എന്നാണ് മുഖന്ത്രി പറഞ്ഞത്. 30 ദിവസം കഴിഞ്ഞ് 32 ദിവസമായിട്ടും ഇതുവരെ ഇക്കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ല. 30 ദിവസം കഴിഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പൂരം കലക്കല്‍ റിപ്പോര്‍ട്ടില്‍ എ.ഡി.ജി.പി. അജിത് കുമാറിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ അജിത് കുമാറിനെതിരെ എടുത്തില്ല.
ഉപതിരഞ്ഞെടുപ്പില്‍ ഫലമറിയുമ്പോള്‍ ബി.ജെ.പി-സി.പി.എം വോട്ടുകച്ചവടം ബോധ്യമാകും. പാലക്കാട് ബി.ജെ.പിക്ക് കൊടുക്കും. പകരം ചേലക്കരയില്‍ ബി.ജെ.പി സി.പി. എമ്മിന് വോട്ട് ചെയ്യുമെന്ന് അന്‍വര്‍ പറഞ്ഞു. എ.ഡി.ജി.പി അജിത് കുമാറാണ് ആസൂത്രണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഇതാണ് കേരളത്തിന്റെ രാഷ്ട്രീയ ചിത്രമെന്ന് അന്‍വര്‍ പറഞ്ഞു.
സി.പി.എമ്മിന് വേണ്ടി താന്‍ പതിനായിരക്കണക്കിന് ആളുകളെ ശത്രുക്കളാക്കി. എന്നിട്ട് തന്നെ കള്ളക്കടത്തുകാരനാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അന്‍വര്‍ ആരോപിച്ചു.
ജയിലില്‍ അടയ്‌ക്കേണ്ടിവന്നാലും മുണ്ടുമടക്കാന്‍ തയ്യാറാവില്ലെന്നും, മരിക്കേണ്ടി വന്നാലും പോരാട്ടം തുടരുമെന്നും അന്‍വര്‍ പറഞ്ഞു.