കുന്നംകുളം: സ്‌പൈക്കിലാതെ പൊളളുന്ന ചൂടില്‍ ട്രാക്കിലൂടെ ഓടി ഒന്നാം സ്ഥാനം നേടിയ സൗമ്യാദേവിക്ക് അഭിനന്ദനപ്രവാഹത്തോടൊപ്പം കൈനിറയെ സമ്മാനങ്ങളും. സ്‌കൂള്‍ ജില്ലാ കായിക മേളയില്‍ ആദ്യദിനത്തില്‍ 800 മീറ്ററിലും രണ്ടാം ദിവസം ക്രോസ് കണ്‍ട്രി,സിനീയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 1,500 മീറ്റര്‍ ഓട്ടത്തിലും സൗമ്യാദേവി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്പൈക്കില്ലാതെ ഓടിയാണ് മെഡല്‍ നേട്ടം കൈവരിച്ചതെന്ന് അറിഞ്ഞതോടെയാണ് സൗമ്യയ്ക്ക് സഹായം ഒഴുകിയെത്തിയത്.
പൂങ്കുന്നം സ്വദേശിയായ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രിസണ്‍ ഓഫീസര്‍ അജീഷാണ് സൗമ്യയ്ക്ക് സ്പൈക്ക് വാങ്ങാനുള്ള പണം കൈമാറിയത്. മാള ഉപജില്ലയിലെ കായികാദ്ധ്യാപകരും, റവന്യു ജില്ലാ കായികമേള റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തൃശൂരിലെ മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് സ്പോര്‍ട്സ് ഷൂ ഉള്‍പ്പടെയുള്ളവ നല്‍കി.
മാള ഉപജില്ലയിലെ ആളൂര്‍ ശ്രീനാരായണ വിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സൗമ്യാ ദേവി. ഇന്നലെ 3,000 മീറ്ററിലും സ്വര്‍ണം നേടി പങ്കെടുത്ത നാലിനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് മടക്കം. അടുത്ത മാസം ഏറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തൃശൂരിന്റെ സുവര്‍ണപ്രതീക്ഷയാണ് സൗമ്യ. ഇരട്ട സഹോദരി സ്മിതാ ദേവിയും 1,500 മീറ്റര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ജൂനിയര്‍ ഫുട്ബാള്‍ ടീമില്‍ അംഗമാണ് സ്മിതാ ദേവി.
സിനിമാ തിയറ്റര്‍ ജീവനക്കാരനായ പിതാവ് താണിപ്പാറ വടയേരി വീട്ടില്‍ പുഷ്പന്റെയും, രമയുടെയും മക്കളാണ് നാടിന്റെ അഭിമാനകായിക താരങ്ങളായ
സൗമ്യയും,, സ്മിതയും.